ഭൂവിനിയോഗത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും സൂക്ഷ്മകാലാവസ്ഥയെ സ്വാധീനിക്കും. ജലഭക്ഷ്യ സുരക്ഷയെയും ആരോഗ്യത്തെയും ഇല്ലാതാക്കും. മഴയുടെ വ്യതിയാനവും മരുവത്കരണ ലക്ഷണങ്ങളും കേരളത്തിലും കണ്ടുതുടങ്ങിയിരിക്കുന്നു. കണികൊന്നകൾക്ക് കാലം മാറുന്നതും തവളകൾ ചത്തൊടുങ്ങുന്നതും അനവസരത്തിൽ നാട്ടിൽ മയിലിറങ്ങുന്നതും നാം കാണാതെ പോകുന്നു. നല്ല വേനലിൽ കാടുകളിൽ നിന്ന് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നതും കേരളത്തിലെ കാഴ്ചയായി മാറുന്നു. ഭൂവിനിയോഗത്തിലുണ്ടാകുന്ന അതിഭീകരവും ഭയാനകവുമായ മാറ്റം കൂടിയാണ് കേരളത്തിലെ കാലാവസ്ഥയെ തകർക്കുന്നത്.
ഒരു ഹെക്ടർ വനം മുപ്പതിനായിരം ഘനകിലോമീറ്റർ മഴയെയും ഒരു ഹെക്ടർ വയൽ മൂന്നുലക്ഷം മീറ്റർ മഴയെയും ഉൾക്കൊള്ളും. കേരളത്തിൽ 73 ശതമാനവും വനപ്രദേശമായിരുന്നെങ്കിൽ ഇപ്പോഴത് 27.83 ശതമാനമായി കുറഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ സംരക്ഷിതവനവും കരുതൽ വനവും വരുമെന്നു മാത്രമല്ല പ്ലാന്റേഷൻ, ജനവാസമുളള സ്ഥലങ്ങൾ എന്നിവ പോയിട്ട് യഥാർത്ഥ വനം 10 ശതമാനമേ വരൂ എന്നാണ് ഔദ്യോഗിക കണക്കുകൾ. 1961-62 കാലഘട്ടത്തിൽ 7.53 ലക്ഷം ഹെക്ടർ വയൽകൃഷി ചെയ്തിരുന്നത് 2011-12 കാലയളവാകുമ്പോൾ 2,08,160 ഹെക്ടറായി കുറഞ്ഞതും നാം കാണുന്നില്ല. കേരളത്തിനാവശ്യമായ 40 ലക്ഷം ടൺ അരി പ്രതിവർഷം വേണ്ടിടത്ത് എട്ട് ലക്ഷം ടണ്ണായി കുറഞ്ഞു.
വയലുകളുടെ വൃഷ്ടിപ്രദേശത്തെ ജലലഭ്യതയിലുണ്ടായ കുറവും ആവാസവ്യവസ്ഥയിലുണ്ടായ മാറ്റവും കാലാവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദശകങ്ങളിലായി 76 ശതമാനം കുറവാണ് നെൽകൃഷിയിലുണ്ടായത്. നഗരവത്‌കരണത്തിന്റെയും വാഹന ഉപയോഗത്തിന്റെയും കെട്ടിട വർദ്ധനവിന്റെയും കാര്യത്തിലുണ്ടാകുന്ന വർദ്ധന അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്‌സൈഡിന്റെ അളവ് വർദ്ധിപ്പിക്കും. അവ ഏറ്റെടുക്കാനാകട്ടെ ആവശ്യമായ പച്ചപ്പും നാം ഇല്ലാതാക്കിയിരിക്കുന്നു. നഗര ഭൂവിനിയോഗ ക്രമങ്ങൾ നശിപ്പിക്കുന്നത് കാർഷിക, ഉത്പാദന, ജലസ്വാശ്രയമേഖലകളെ തന്നെയാണ്.
കേരളത്തിലെ നഗരവത്കരണം അതിവേഗം പുരോഗമിക്കുകയാണ്. 2001 - ലെ സെൻസസ് പ്രകാരം 23 ശതമാനമാണ് നഗരവത്കരണമെങ്കിൽ 2011 ൽ അത് 50 ശതമാനത്തിലേറെയാണെന്നും 2030 ൽ കേരളത്തിന്റെ 80 ശതമാനവും നഗരസ്വഭാവമുള്ളതുമാകുമെന്നും നിഗമനങ്ങളുണ്ട്. നഗരവത്കരണത്തിന്റെ ഭാഗമായി കാർഷിക ഭൂവിനിയോഗമാണ് മാറുന്നത്. മാത്രമല്ല പച്ചപ്പുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്യും. അതോടൊപ്പം ടാറിടുന്ന റോഡുകളും ഉയരുന്ന കോൺക്രീറ്റുവനങ്ങളും കൂടിയാകുമ്പോൾ അർബൻ ഹീറ്റ് സിംഡ്രോമെന്ന നഗരചൂട് വർദ്ധന പ്രതിഭാസത്തിന്റെ പ്രധാന കേന്ദ്രമായി കേരളവും മാറുന്നു.
മഴയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വെള്ളപ്പൊക്കവും വരൾച്ചയും സൃഷ്ടിക്കുമെന്നു മാത്രമല്ല നിരവധി രോഗങ്ങളും കൊണ്ടുവരും. മാറുന്ന കാലാവസ്ഥയോട് പ്രതികരിക്കാനാവാത്ത നിലയിൽ രോഗാതുരതയും വർദ്ധിക്കുന്നു. മിശ്രിത വിളകളിൽ നിന്നും ഏകവിളകളിലേക്കും ഹ്രസ്വകാല വിളകളിൽ നിന്ന് ദീർഘകാലവിളകളിലേക്കും നാം മാറിയപ്പോൾ
കാലാവസ്ഥയ്‌ക്കും വ്യത്യാസമുണ്ടാകുന്നു. മണ്ണിളക്കിയും പുതയിട്ടും ഇടയ്‌ക്കിടെ മണ്ണു ജലസംരക്ഷണ പരിപാടികളും നടപ്പിലാക്കി മഴയെയും മണ്ണി
നെയും സംരക്ഷിക്കുന്ന ഭൂവിനിയോഗ രീതികളുണ്ടായിരുന്നപ്പോൾ ജലലഭ്യ
തയും ഏറെയായിരുന്നു.
കാർഷിക ഭൂവിനിയോഗ രീതികളിൽ മാറ്റുമുണ്ടായപ്പോൾ മണ്ണിൽ കൂടുതൽ ജലാംശമില്ലാതായി. മണ്ണിന്റെ ജലശേഷി കുറയുകയും ചെയ്തു. നല്ല മഴ ലഭിച്ചാലും മഴയൊന്നു മാറിയാൽ ജലക്ഷാമവും ചൂടും ഇപ്പോൾത്തന്നെ നാം അറിയുന്നുണ്ട്. ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ചിറാപുഞ്ചിയിലും മൗൻസിറാമിലും സമഗ്രമായ ജലസംരക്ഷണം നടക്കാതിരുന്നതിനാൽ മഴ മാറുമ്പോൾ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. എത്ര മഴ ലഭിച്ചുവെന്നതല്ല ജലസുരക്ഷയെ നിർണ
യിക്കുന്നത്. ലഭിക്കുന്ന മഴയെ കരുതുന്ന ഭൂവിനിയോഗവും ജലസ്രോതസുകളുടെ സംരക്ഷണവുമാണു പ്രാധാനം.
നമുക്ക് ഭൂമി ഒരു ചരക്കാണ്. വിൽപ്പന വസ്തുവും പരമാവധി ലാഭവും മാത്രം. വീടുമായാൽ പിന്നെ മറ്റൊന്നിനും ഭൂമി ഉപയോഗിക്കില്ല. കാർഷിക വിള ഭൂവിനിയോഗം ക്രമാനുഗതമായി കുറഞ്ഞു വരുന്നു. എല്ലാറ്റിനെയും ലാഭ നഷ്ടവരവു ചെലവ‌് ബാധ്യത പട്ടികയിൽപ്പെടുത്തി കണക്കെടുക്കാൻ മലയാളി പഠിച്ചു തുടങ്ങിയത് ഭൂവിനിയോഗത്തിൽ മാറ്റം വരുത്തിയതുമുതലാണ്. കീടനാശിനിയും രാസവളവുമെല്ലാം ലാഭനഷ്ടങ്ങളുടെ ചേരുവകളായപ്പോൾ ഇല്ലാതായത് ഏറ്റവും ശാസ്ത്രീയമായിരുന്ന ഭൂവി നിയോഗ രീതികളാണ്.
ഭൗതികഘടകങ്ങളായ മണ്ണ്, മലകൾ, കുന്നുകൾ, താഴ്വരകൾ, തീരദേശങ്ങൾ, പർവ്വതങ്ങൾ, വയലുകൾ എന്നിവയിലുണ്ടാകുന്ന ഓരോ മാറ്റവും മനുഷ്യരുടെ മറ്റു വികസന മേഖലകളെയും ബാധിക്കും. കാർഷിക വിളകളിലുണ്ടായ മാറ്റം നമ്മുടെ സംസ്‌കാരത്തെയും മാറ്റി . ഭൂവിനിയോഗ രീതികളിലുണ്ടാകുന്ന മാറ്റം സൂക്ഷ്മകാലാവസ്ഥയെ നിശ്ചയിക്കുന്നതോടൊപ്പം ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കും.