tesla

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ പ്രീമിയം ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ മൂല്യം ആദ്യമായി ഒരുലക്ഷം കോടി ഡോളർ (74 ലക്ഷം കോടി രൂപ) കടന്നു. ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ലയുടെ ഓഹരിവില കഴിഞ്ഞദിവസം 14.9 ശതമാനം മുന്നേറി 1,045.02 ഡോളറിൽ (76,963.11 രൂപ) എത്തിയിരുന്നു.

വാടകയ്ക്ക് കാറുകൾ കൊടുക്കുന്ന വമ്പൻ അമേരിക്കൻ കമ്പനിയായ ഹെർട്‌സ്, 2022നകം ഒരുലക്ഷം ടെസ്‌ല കാറുകൾ വാങ്ങാനുള്ള ഓർഡർ നൽകിയതാണ് ഓഹരിക്കുതിപ്പുണ്ടാക്കിയത്. 44,000 ഡോളറിൽ (32.40 ലക്ഷം രൂപ) വിലയാരംഭിക്കുന്ന ടെസ്‌ല മോഡൽ 3നാണ് ഹെർട്‌സിന്റെ ഓർഡറുകളെന്നാണ് സൂചന. കഴിഞ്ഞമാസം യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ കാറെന്ന പെരുമയുള്ളത് ടെസ്‌ല മോഡൽ 3നാണ്.

ലക്ഷം കോടി ക്ളബ്ബ്

ലക്ഷം കോടി ഡോളർ ക്ളബ്ബിൽ അംഗമാകുന്ന ആദ്യ വാഹന ബ്രാൻഡാണ് ടെസ്‌ല. ആപ്പിൾ, ആമസോൺ.കോം, മൈക്രോസോഫ്‌റ്റ്, ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് എന്നിവയാണ് ക്ളബ്ബിലെ മറ്റംഗങ്ങൾ.

മസ്കിന്റെ ആസ്തിക്കുതിപ്പ്

ടെസ്‌ല ഓഹരികൾ മുന്നേറിയതിന്റെ കരുത്തിൽ ലോകത്തെ ഏറ്റവും സമ്പന്നൻ കൂടിയായ സി.ഇ.ഒ എലോൺ മസ്‌കിന്റെ ആസ്‌തി 3,620 കോടി ഡോളർ (2.66 ലക്ഷം കോടി രൂപ) ഉയർന്ന് 28,860 കോടി ഡോളറിലെത്തി; 21.25 ലക്ഷം കോടി രൂപ.