dravid

മുംബയ്: രവിശാസ്‌ത്രി ഒഴിയുന്ന മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുൻ ഇന്ത്യൻ നായകനും ഇപ്പോൾ ദേശീയ ക്രിക്ക‌റ്റ് അക്കാഡമി(എൻസിഎ) തലവനുമായി രാഹുൽ ദ്രാവിഡ് അപേക്ഷ നൽകി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ്‌ ഷായും വിവരം സ്ഥിരീകരിച്ചു. മുഖ്യപരിശീലക സ്ഥാനത്തേക്ക് ദ്രാവിഡ് മാത്രമാണ് അപേക്ഷ നൽകിയതെന്നാണ് വിവരം.

അപേക്ഷ നൽകേണ്ട അവസാന തീയതി ഇന്നാണെന്നും രാഹുൽ ഔദ്യോഗികമായി അപേക്ഷിച്ചതായും ബൗളിംഗ് കോച്ചിനായി പരസ്‌ മാമ്പ്രെയും ഫീൽഡിംഗ് കോച്ചായി അഭയ് ശർമ്മയും അപേക്ഷ നൽകിയിട്ടുള‌ളതായി ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

കോച്ച് സ്ഥാനത്തേക്ക് വരുന്നതിൽ തനിക്ക് താൽപര്യമില്ലെന്ന് ദ്രാവിഡ് മുൻപ് ബിസിസിഐ വൃത്തങ്ങളെ അറിയിച്ചു. എന്നാൽ ഐപിഎൽ ഫൈനൽ സമയത്ത് ദുബായിൽ വച്ച് ഗാംഗുലിയും ജെയ് ഷായും ദ്രാവിഡുമായി ഇക്കാര്യം ചർച്ച നടത്തിയിരുന്നു.

ടി20 ലോകകപ്പിന് ശേഷം ന്യൂസിലാന്റുമായുള‌ള പരമ്പരയാകും ദ്രാവിഡിന്റെ മുഖ്യ പരിശീലകനായുള‌ള അരങ്ങേ‌റ്റ പരമ്പര. ലക്ഷ്‌മൺ എൻസിഎ അദ്ധ്യക്ഷനാകുന്നതോടെ ഇപ്പോൾ കൈകാര്യം ചെയ്യുന്ന ഹൈദരാബാദ് ടീമിന്റെ മെന്റർ പദവിയും കമന്ററിയും ഉൾപ്പടെ ഉപേക്ഷിക്കേണ്ടി വരും. എന്നാൽ കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കേണ്ടതിനാലും ലക്ഷ്‌മൺ ഇതുവരെ സ്ഥാനമേ‌റ്റെടുക്കാൻ താത്‌പര്യം കാണിച്ചിട്ടില്ല. ഇതിനായി ബിസിസിഐ വീണ്ടും നിർബന്ധം ചെലുത്തുമെന്നാണ് സൂചന.