ship
ship

അറസ്റ്റിലായവരിൽ രണ്ടു മുൻ ഓഫീസർമാരും രണ്ടു സിവിലിയന്മാരും

കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ന്യൂഡൽഹി: നാവികസേനയുടെ അന്തർവാഹിനി ആധുനികവൽക്കരണ പദ്ധതിയുടെ രഹസ്യങ്ങൾ ചോർത്തിയതിന് ഒരു നേവി കമാൻഡറെയും രണ്ടു റിട്ടയേ‌ഡ് ഓഫീസർമാരെയും രണ്ടു സ്വകാര്യ വ്യക്തികളെയും സി ബി. ഐ അറസ്റ്റ് ചെയ്‌തു. കമാൻഡർ മുംബയിൽ സർവീസിലുള്ള ഓഫീസറാണ്. അവിടെ അറസ്റ്റിലായ ഇദ്ദേഹമാണ് രഹസ്യങ്ങൾ ഡിജിറ്റലായി ചോർത്തി മുൻ ഓഫീസർമാർക്ക് നൽകിയത്.

ഇവർ ആർക്കാണ് രഹസ്യങ്ങൾ കൈമാറിയതെന്ന് വ്യക്തമല്ല.

പാകിസ്ഥാന്റെ ഐ. എസ്. ഐ ഉൾപ്പെടെ വിദേശ ചാര ഏജൻസികളുടെ പങ്ക് സംശയിക്കുന്നുണ്ട്.

ഇവരെയും ഇവരുമായി ബന്ധമുള്ള മറ്റ് ഓഫീസർമാരെയും സി. ബി. ഐ ചോദ്യം ചെയ്‌തുവരികയാണ്. അറസ്റ്റിലായ മുൻ ഓഫീസർമാരിൽ ഒരാൾ കമ്മഡോർ റാങ്കിലുള്ള ആളാണ്. അഞ്ച് പേരും ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

കേസുമായി ബന്ധപ്പെട്ട് ഡൽഹി, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ സി. ബി. ഐ റെയ്ഡ് നടത്തി. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു. കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്.

സി. ബി. ഐ അന്വേഷണത്തിന് സമാന്തരമായി നാവികസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ റാങ്കുകളിലുള്ള രണ്ട് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് അന്വേഷണച്ചുമതല.

ഇന്ത്യയിൽ സിന്ധുഘോഷ് ക്ലാസ് എന്ന് പേരിട്ടിട്ടുള്ള കിലോ ക്ലാസ് അന്തർവാഹിനിയുടെ വിവരങ്ങളാണ് ചോർത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരെയും ദേശീയ സുരക്ഷയുടെ ചുമതലയുള്ള ഏജൻസികളെയും അന്വേഷണ പുരോഗതി ധരിപ്പിക്കുന്നുണ്ട്.

അടുത്തിടെ ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ പാകിസ്ഥാന് ഡിജിറ്റലായി

ചോർത്തിക്കൊടുത്ത പല സംഭവങ്ങളും കണ്ടെത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ മൂന്ന് സേനകളിലെയും സർവീസിലുള്ളവരും റിട്ടയർ ചെയ്‌തവരുമായ നിരവധി ഓഫീസർമാരെ ഇന്റലിജൻസ് ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അവർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കിലോ ക്ലാസ് അന്തർവാഹിനി

പഴയ സോവിയറ്റ് യൂണിയൻ സോവിയറ്റ് നേവിക്കു വേണ്ടി രൂപകല്പന ചെയ്ത് നിർമ്മിച്ചത്

ലോകത്ത് ഏറ്റവും പ്രചാരമുള്ള അന്തർവാഹിനി

നിരവധി രാജ്യങ്ങളുടെ നാവിക സേനകൾ ഉപയോഗിക്കുന്നു

ഇന്ത്യൻ നേവിക്ക് ഇത്തരം 10 അന്തർവാഹിനികൾ ഉണ്ട്

ഇവയെല്ലാം ഇന്ത്യ വൻതോതിൽ ആധുനികവൽക്കരിച്ചിട്ടുണ്ട്.

ഇവ ഉൾപ്പെടെ 15 പരമ്പരാഗത അന്തർവാഹിനികളും രണ്ട് ആണവ അന്തർവാഹിനികളുമാണ് ഇന്ത്യൻ നേവിക്കുള്ളത്.