police

മലപ്പുറം: കൊണ്ടോട്ടിയിൽ 21കാരിയായ യുവതിയെ ആക്രമിച്ച കേസിൽ അറസ്‌റ്റിലായ 15കാരനായ പ്രതി കു‌‌റ്റം സമ്മതിച്ചെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്. പ്രതി നല്ല ആരോഗ്യമുള‌ളയാളും ജില്ലാതലത്തിൽ ജൂഡോ ചാമ്പ്യനുമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല. പ്രായപൂ‌ർത്തിയാകാത്തതിനാൽ 15കാരനെ കോടതിയിൽ ഹാജരാക്കാനാവില്ല. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈൽ ജസ്‌റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

പെൺകുട്ടിയെ പ്രതി പിൻതുടർന്നിരുന്നതായും പെൺകുട്ടിയുടെ കഴുത്ത് ഞെരിക്കുകയും എന്നാൽ പെൺകുട്ടി തിരികെ പ്രതിരോധിച്ചപ്പോൾ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചു. നന്നായി പ്രതിരോധിച്ചതുകൊണ്ട് ഭാഗ്യവശാൽ പെൺകുട്ടി രക്ഷപ്പെട്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഒന്നരവർഷത്തോളമായി ഓൺലൈൻ ക്ളാസുകളായതിനാൽ ഇന്റർനെ‌റ്റ് ഉപയോഗം കുട്ടികൾക്ക് വർദ്ധിച്ചിച്ചുണ്ട്. ഈ സ്വാധീനം പരിശോധിക്കണമെന്നും എസ്.സുജിത്ത് ദാസ് പറഞ്ഞു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് കൊണ്ടോട്ടി കൊട്ടൂക്കര അങ്ങാടിയ്‌ക്ക് സമീപം 21കാരിയായ പെൺകുട്ടിയ്‌ക്ക് പരിക്കേ‌റ്റത്. പെൺകുട്ടിയെ പ്രതി കടന്നുപിടിച്ച് വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തപ്പോൾ വസ്‌ത്രം കീറുകയും വായിൽ തുണിതിരുകുകയും ചെയ്‌തു.രക്ഷപെട്ടോടിയ പെൺകുട്ടി അയൽവീട്ടിലെത്ത വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. സംഭവശേഷം പ്രതി ബസിൽ കയറി രക്ഷപ്പെട്ടിരുന്നു. പൊലീസ് നടത്തിയ ശക്തമായ തിരച്ചിലിൽ ഇയാൾ കസ്‌റ്റഡിയിലാകുകയായിരുന്നു.