dravid

ന്യൂഡൽഹി: ആരാധകരുടെ ആശങ്കകൾ അവസാനിപ്പിച്ച് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുൽദ്രാവിഡ് അപേക്ഷ നൽകി. അപേക്ഷ നൽകാൻ അനുവദിച്ചിരുന്ന അവസാന ദിനമാണ് രാഹുൽ അപേക്ഷ സമർപ്പിച്ചത്.ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷയും രാഹുൽദ്രാവിഡിനെ തന്നെയാണ് കോച്ചാക്കാൻ നിലവിൽ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നതെങ്കിലും. ലോധാകമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ചട്ടപ്രകാരം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അടുത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതുണ്ട്.അതിനായാണ് ദ്രാവിഡ് അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ദ്രാവിഡ് ഭീഷണിയാകുന്ന തരത്തിൽ പ്രമുഖരാരും ഇന്ത്യയുടെ കോച്ചാകാൻ അപേക്ഷ നൽകിയിട്ടില്ല. ദ്രാവിഡിന്റെ നോമിനിയായ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലകനായ പരസ് മാംബ്രെയും ബൗളിംഗ് പരിശീലകസ്ഥാനത്തേക്കും അഭയ് ശർമ്മഫീൽഡിംഗ് പരിശീലക സ്ഥാനത്തേക്കും അപേക്ഷ നൽകിയിട്ടുണ്ട്. ഇവർക്കും പ്രശ്നമുണ്ടാകില്ലെന്നാണ് വിവരം.

ഐ.പി.എൽ ഫൈനലിനിടെ ദുബായിൽ വച്ച് ദ്രാവിഡ് ഗാഗുലി,​ ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ട്വന്റി-20 ലോകകപ്പോടെ പരിശീലക സ്ഥാനത്ത് രവിശാസ്ത്രി പടിയിറങ്ങുകയാണ്. വിരാട് കൊഹ്‌ലിയും ലോകകപ്പോടെ ട്വന്റി-20 ക്യാപ്ടൻ സ്ഥാനവും അഴിച്ചുവയ്ക്കും. രോഹിത് ശർമ്മയായിരിക്കും കൊഹ്‌ലിക്ക് പകരക്കാരനെന്നാണ് റിപ്പോർട്ടുകൾ,​

ലക്ഷ്‌മൺ എൻ.സി.എയിലേക്ക്

ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലകനാകുമ്പോൾ ഒഴിവുവരുന്ന ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ ചീഫ് സ്ഥാനത്തേക്ക് മുൻ താരം വി.വി.എസ് ലക്ഷ്‌മ‍ൺ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എൻ.സി.എ തലപ്പത്തേക്ക വരികയാണെങ്കിൽ ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ മെന്റർ സ്ഥാനവും ചാനലുകളുമായുള്ള കമന്ററി കരാറുകളും ലക്ഷ്‌മൺ ഉപേക്ഷിക്കേണ്ടതായി വരും.