alibaba

ബെയ്‌ജിംഗ്: കഴിഞ്ഞവർഷം ഒക്‌ടോബറിലാണ് ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആലിബാബയുടെയും ധനകാര്യ സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെയും മേധാവി ജാക്ക് മാ ചൈനീസ് സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചത്! അതോടെ തുടങ്ങിയത് പക്ഷേ, ചൈനയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും സമ്പന്നനായിരുന്ന ജാക്ക് മായുടെ പതനമാണ്.

2020 ഒക്‌ടോബറിന് ശേഷം ജാക്ക് മായെ ആരും കണ്ടിട്ടില്ല. ഒരിക്കൽ ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടെങ്കിലും നേരിട്ടായിരുന്നില്ല, ഓൺലൈൻ വീഡിയോ വഴിയായിരുന്നു. ചൈനീസ് സർക്കാരിനെയും പ്രസിഡന്റ് ഷീ ജിൻപിംഗിനെയും കടുത്ത ഭാഷയിൽ വിമർശിച്ച ജാക്ക് മായുടെ ആന്റ് ഗ്രൂപ്പിന്റെ, ലോക റെക്കാഡ് സമാഹരണം സൃഷ്‌ടിക്കുമായിരുന്ന ആന്റ് ഗ്രൂപ്പ് പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) ചൈനീസ് സർക്കാർ തടഞ്ഞു.

പിന്നീട് കമ്പനിയുടെ ഓഹരിവില തകർന്നടിഞ്ഞു; മായുടെ ആസ്‌തിയും. കഴിഞ്ഞവ‌ർഷം റെക്കാഡ് ഉയരത്തിലായിരുന്ന ആലിബാബ ഓഹരികൾ ഇപ്പോഴുള്ളത് റെക്കാഡ് താഴ്‌ചയിൽ. 2020 ഒക്‌ടോബറിൽ നിന്ന് ഇതുവരെ ഓഹരികളുടെ തകർച്ച 43 ശതമാനം. കമ്പനിയുടെ ആസ്‌തിയിൽ നിന്ന് കൊഴിഞ്ഞുപോയത് 34,400 കോടി ഡോളർ - ഏകദേശം 25.33 ലക്ഷം കോടി രൂപ. ലോകത്ത് ഒരു കമ്പനിയുടെ മൂല്യത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഇടിവാണിത്.