vbhggh

ദോഹ: അഫ്ഗാനിലെ താലിബാൻ ഇടക്കാല സർക്കാരുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രതിനിധിസംഘം. മുതിർന്ന താലിബാൻ നേതാവും ഉപപ്രധാനമന്ത്രിയുമായ മുല്ലാ ബരാദറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഇ യുമാണ് ദോഹയിൽ കൂടിക്കാഴ്ച നടത്തിയത്.യുദ്ധത്തിൽ തകർന്ന അഫ്ഗാൻ ജനതയുടെ പുരോഗതിക്കായിസാമ്പത്തിക വാണിജ്യ മേഖലയിൽ താലിബാൻ സർക്കാരിനെ സഹായിക്കുമെന്ന് ചൈന ആവർത്തിച്ച് വ്യക്തമാക്കി. അഫ്ഗാനിലെ നിലവിലെ സാഹചര്യങ്ങളും ജനങ്ങൾക്ക് അന്താരാഷ്ട്ര സഹായം എത്രയു വേഗം ലഭ്യമാക്കാനും ദോഹയിൽ ഐക്യരാഷ്ട്രസഭ പ്രതിനിധികളുമായും താലിബാൻ പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ട്.

അഫ്ഗാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചൈന സംതൃപ്തി അറിയിച്ചതായാണ് വിവരം.അഫ്ഗാൻ പുനർനിർമ്മാണത്തിലും ആരോഗ്യരക്ഷാ പ്രവർത്തനത്തിലും ചൈന അടിയന്തിര സഹായം നൽകിയിട്ടുണ്ടെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

അതേസമയം താലിബാനെ ഭീകരരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ റഷ്യൻ പ്രസി‌ഡന്റ് പുടിൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. താലിബാനുമായി കൂടുതൽ സഹകരിക്കുന്നതിനോടൊപ്പം റഷ്യൻ മേഖലയുടെ ഭാഗമായി തജിക്കിസ്ഥാനും കസാഖിസ്ഥാനുമടങ്ങുന്ന അതിർത്തിപ്രദേശം കടന്ന് ഭീകരസംഘടനകൾ ശക്തിപ്രാപിക്കാതിരിക്കാനുള്ള നീക്കവും റഷ്യ നടത്തുന്നുണ്ട്.

അഫ്ജഗാന ജനതയുടെ പുരോഗതിക്കായി താലിബാൻ സർക്കാരിനെ സഹായിക്കുമെന്നും ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി താലിബാൻ എടുക്കണമെന്നും പുടിൻ അഭിപ്രായപ്പെട്ടിരുന്നു. ലോരാജ്യങ്ങൾ താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാവണമെന്നും അവരെ മാറ്റി നിറുത്തരുതെന്നും പുടിൻ കൂട്ടിച്ചേർത്തു.

അഫ്ഗാനിൽ കുട്ടികൾ പട്ടിണി കിടന്നു മരിക്കും,​ മുന്നറിയിപ്പുമായി യു.എൻ

അഫ്ഗാനിലെ ഭക്ഷ്യക്ഷാമം തടയാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കുട്ടികളടക്കം ലക്ഷങ്ങൾ പട്ടിണികിടന്നു മരിക്കുമെന്ന മുന്നറിയിപ്പുമായി യു.എൻ. വിദേശത്തുള്ള സർക്കാർ ഫണ്ടുകൾ മരവിപ്പിച്ച നടപടി രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്നും ഇത് പിൻവലിക്കണമെന്നും യു.എൻ അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ ജനങ്ങൾ കടുത്ത പട്ടിണിയിലാണ്. സ്ഥിതി ഇങ്ങനെ തുടർന്നാണ് കുട്ടികളുൾപ്പെടെയുള്ളവർ പട്ടിണി മൂലം തെരുവിൽ മരിച്ചു വീഴും. പട്ടിണിയിൽ കഴിയുന്ന 2.3 കോടി ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ ചുരുങ്ങിയത് 22 കോടി ഡോളറിന്റെ സഹായം വേണമെന്ന് യു.എൻ അറിയിച്ചു. താലിബാൻ അധികാരമേറ്റതോടെ ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങൾ അഫ്ഗാനു നൽകിവന്ന സാമ്പത്തിക സഹായം മരവിപ്പിച്ചതാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപക വിമർശനമുയരുന്നുണ്ട്.