ദുബായ്: ട്വന്റി-20ലോകകപ്പിൽ വെടിക്കെട്ട് വീരൻമാരുമായെത്തിയ വെസ്റ്റിൻഡീസ് വീണ്ടും നനഞ്ഞ പടക്കമായി. സൂപ്പർ 12 ഗ്രൂപ്പ് 1ൽ ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 8 വിക്കറ്റിന് വെസ്റ്റിൻഡീസിനെ തകർത്തു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 143 റൺസാണ്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 10 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (144/2).
തുടർച്ചയായ രണ്ടാമത്തെ തോൽവിയോടെ നിലവിലെ ചാമ്പ്യൻമാർകൂടിയായ വെസ്റ്റിൻഡീസിന്റെ മുന്നോട്ടുള്ള പ്രയാണം പരുങ്ങലിലായിരിക്കുകയാണ്. മറുവശത്ത് ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിജയം ജീവവായുവായി. പോയിന്റ് ടേബിളിൽ ദക്ഷിണാഫ്രിക്ക 2 പോയിന്റുമായി നാലാമതാണ്.വിൻഡീസ് അവസാന സ്ഥാനത്തും.
അടപടലം വിൻഡീസ്
ബാറ്റിംഗിലും ബൗളിംഗിലും തകർപ്പൻ പ്രകടനം പുറത്തെടുത്താണ് പ്രോട്ടീസ് വിൻഡീസിന്റെ നടുവൊടിച്ചത്.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വമ്പൻമാരെല്ലാം വീണ്ടും നിറം മങ്ങിയപ്പോൾ 35 പന്തിൽ 3 ഫോറും 6 സിക്സും ഉൾപ്പെടെ 56 റൺസെടുത്ത എവിൻ ലൂയിസാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. നല്ലതുടക്കമാണ് ലൂയിസ് വിൻഡീസിന് നൽകിയത്.
റൺസ് കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടിയ ലെൻഡൻ സിമ്മോൺസിനെ ഒരറ്റത്ത് നിറുത്തി ലൂയിസ് 10.3 ഓവറിൽ വിൻഡീസ് സ്കോർ 73ൽ എത്തിച്ചു. അവിടെ വച്ച് സ്പിന്നർ കേശവ് മഹാരാജ് റബാഡയുടെ കൈയിൽ എത്തിച്ച് ലൂയിസിനെ മടക്കിയതോടെ വിൻഡീസ് പ്രതിസന്ധിയിലാവുകയായിരുന്നു.
പകരമെത്തിയ നിക്കോളാസ് പൂരനേയും (7 പന്തിൽ 12) നന്നായി തുടങ്ങിയെങ്കിലും അധികം വൈകാതെ മഹാരാജ് തന്നെ മില്ലറുടെ കൈയിൽ എത്തിച്ച് മടക്കി. തൊട്ടുപിന്നാലെ സിമ്മോൺസിനെ റബാഡ ക്ലീൻബൗൾഡാക്കിയതോടെ 87/3 എന്ന നിലയിലായി വിൻഡീസ് .35 പന്ത് നേരിട്ട സിമ്മോൺസിന് നേടാനായത് 16 റൺസ് മാത്രം. ക്രിസ് ഗെയ്ലും (12) ക്യാപ്ടൻ കീറോൺ പൊള്ളാഡുമാണ് (20 പന്തിൽ 26) വിൻഡീസ് നിരയിൽ പിന്നീടുള്ളവരിൽ രണ്ടക്കം കടന്നവർ.ഡ്വെയിൻ പ്രിട്ടോറിയസ് വിൻഡീസിനായി 3 വിക്കറ്റ് വീഴത്തി മഹാരാജ് രണ്ടും നോർട്ട്ജെ, റബാഡ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 26 പന്തിൽ 4 സിക്സും 2 ഫോറും ഉൾപ്പെടെ പുറത്താകാതെ 51റൺസ് കൂട്ടിച്ചേർത്ത എയ്ഡൻ മർക്രമാണ് വിജയതീരത്തേക്ക് മുന്നിൽ നിന്ന് നയിച്ചത്. റീസ ഹെൻഡ്രിക്സും (30 പന്തിൽ 39), വാൻ ഡുസ്സനും ( പുറത്താകാതെ 43) നല്ല പ്രകടനം തന്നെ കാഴ്ചവച്ചു. ക്യാപ്ടൻ ടെംബ(2) ബൗമ തുടക്കത്തിലേ റണ്ണൗട്ടായി.