നെടുമ്പാശേരി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യാർത്ഥികൾ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി യു.കെയിലേക്ക് കടക്കാൻ ശ്രമിച്ച കേസ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഉന്നത പൊലിസ് സംഘം അന്വേഷിക്കും.
പട്ടാമ്പി സ്വദേശികളായ മുഹമ്മദ് ഹാഷിർ (22), ഷഹിൻ (22), വാഴക്കുളം സ്വദേശി ഡിനോ (19), അത്താണിക്കൽ സ്വദേശിനി രഹന ബീഗം (24) എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റുമായി കഴിഞ്ഞ ദിവസം യു.കെ.യിലേക്ക് പഠന വിസയിൽ പോകാനെത്തിയത്. സംശയം തോന്നിയ ഇവരെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു. ഹാഷിറിന്റെ കൈവശം പ്ലസ്ടുവിന്റെയും ബി.കോമിന്റെയും വ്യാജ സർട്ടിഫിക്കറ്റുകളാണ് ഉണ്ടായിരുന്നത്. 90,000 രൂപയ്ക്കാണ് ഇവ സംഘടിപ്പിച്ചത്. ഷഹിന്റെ കൈവശമുണ്ടായിരുന്നതും വ്യാജ പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റുകളാണ്. ഇതും 50,000 രൂപ മുടക്കി വാങ്ങിയതാണ്. പ്ലസ്ടു പാസാവാത്ത ഡിനോ പ്ലസ് ടു സർട്ടിഫിക്കറ്റിന് നൽകിയത് 30,000 രൂപ. ബി.ബി.എ സർട്ടിഫിക്കറ്റിന് രഹനാ ബീഗം നൽകിയത് 40,000 രൂപ. കേരളത്തിനു പുറത്തെ യൂണിവേഴ്സിറ്റികളുടെ പേരിലുള്ളതാണ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ. പ്ലസ്ടു സർട്ടിഫിക്കറ്റുകളും ഇതര സംസ്ഥാനത്തിന്റേതാണ്.
യു.കെയിൽ എം.എസ്സി, ബി.ബി.എ, എം.ബി.എ തുടങ്ങിയ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിതാണ് ഇവർ പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. ഇവർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയവർ ഉടൻ പിടിയിലാകുമെന്ന് എസ്.പി. കാർത്തിക്ക് പറഞ്ഞു. പലയിടങ്ങളിൽ നിന്നുമാണ് ഇവർ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടുള്ളത്. നിരവധി പേർ ഇത്തരക്കാരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുണ്ടാകാമെന്നും അത് പരിശോധിച്ചു വരികയാണെന്നും എസ്.പി പറഞ്ഞു. ആലുവ ഡി.വൈ.എസ്.പി ശിവൻകുട്ടി, നെടുമ്പാശേരി ഇൻസ്പെക്ടർ പി.എം. ബൈജു, സബ് ഇൻസ്പെക്ടർ അനിഷ് കെ. ദാസ് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ട്.