fdfgfd

ഖാർത്തൂം: രാജ്യത്ത് സർക്കാറിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ 7 മരണം.140 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് സൈനിക നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഇവർക്ക് നേരെ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ സുഡാനിൽ അധികാരം പിടിച്ചെടുത്ത സൈനിക നടപടിയെ ന്യായീകരിച്ച് സൈനിക തലവൻ ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ രംഗത്തെത്തി. രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിലെ ഭിന്നത ആഭ്യന്തര കലാപത്തിലേക്ക് നീങ്ങാതിരിക്കാനാണ് സൈന്യം ഇടപെട്ടതാണെന്നാണ് ബുർഹാന്റെ വാദം.

തിങ്കളാഴ്ചയാണ് ജനറൽ അബ്ദുൽ ഫത്താഹ് ബുർഹാൻ ഇടക്കാല സർക്കാറിനെയും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട് രാജ്യത്ത് അടിന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ തീരുമാനം അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന പ്രധാന മന്ത്രി അബ്ദുല്ല ഹംദക്കിനെയും മറ്റു ഉന്നത സർക്കാർ വൃത്തങ്ങളെയും സൈന്യം തടവിലാക്കിയിരിക്കുകയാണ്. രാജ്യത്തെ ഇന്റർനെറ്റ്,ഫോൺ സിഗ്നലുകൾ തകരാറിലാണെന്നാണ് വിവരം. പല മുഖ്യ പാലങ്ങളും റോഡുകളും അടച്ചു. ഏകാധിപതി ഉമർ അൽ ബഷീറിനെ പുറത്താക്കിയശേഷം സൈന്യത്തിനു കൂടി പങ്കാളിത്തമുള്ള ജനകീയ സർക്കാറായിരുന്നു രാജ്യം ഭരിച്ചിരുന്നത്. 2023 ഓടെ പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ഇരുവിഭാഗവും തമ്മിലുള്ള കരാർ ലംഘിച്ച് സൈന്യം ഏകപക്ഷീയമായി ഭരണം പിടിച്ചെടുക്കുകയായിരുന്നു. അതേ സമയം സുഡാനിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ ഉടൻ മോചിപ്പിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.

സൈന്യം ഭരണം ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് യു.എസ് പ്രത്യേക പ്രതിനിധി ജെഫ്രി ഫെൽറ്റ്മാൻ പറഞ്ഞു. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം സൈന്യം ഉപേക്ഷിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു.