ന്യൂഡൽഹി: ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ, ലോകമെമ്പാടുമുള്ള അർദ്ധചാലകങ്ങളുടെ ദൗർലഭ്യം കാരണം നടപ്പ് പാദത്തിൽ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഒക്‌ടോബർ 25നും 29നും ഇടയിൽ നൈട്ര (സ്ലൊവാക്യ), സോളിഹുൾ (യു.കെ) എന്നിവിടങ്ങളിലെ നിർമ്മാണ പ്ലാന്റുകളിൽ ഉത്പാദനം കുറച്ചിട്ടുണ്ട്. അതേസമയം, അതിന്റെ പങ്കാളിയായ മാഗ്ന സ്റ്റെയറിന്റെ ഉടമസ്ഥതയിലുള്ള ഗ്രാസിലെ (ഓസ്ട്രിയ) യൂണിറ്റ് ഒക്‌ടോബർ 25, 26, നവംബർ 1, 2 തീയതികളിൽ ഉത്പാദനം നിർത്തി വയ്ക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2021-22 ലെ ആദ്യ രണ്ട് പാദങ്ങളിൽ ആഗോള അർദ്ധചാലക ദൗർലഭ്യം കാരണം കമ്പനിക്ക് ഏകദേശം നാല് ബില്യൺ പൗണ്ട് അല്ലെങ്കിൽ 41,300 കോടി രൂപ വർദ്ധിച്ചുവരുന്ന വരുമാനം നഷ്ടപ്പെട്ടു. ആഗോള ചിപ്പ് ക്ഷാമം കാരണം വാഹന വ്യവസായത്തിന് ഇത് ഒരു പ്രയാസകരമായ വർഷമായിരുന്നു. ഉത്പാദനം ഗണ്യമായി വെട്ടിക്കുറച്ചതിനാൽ കാർ കമ്പനികൾക്ക് കോടിക്കണക്കിന് രൂപ വരുമാനം നഷ്ടമുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചിപ്പ് ക്ഷാമം വാഹന നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും മിക്ക വാഹന നിര്‍മാണ കമ്പനികള്‍ക്കും ബുക്കിംഗ് അനുസരിച്ച് വാഹനങ്ങള്‍ കൈമാറാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വാഹനങ്ങളില്‍ ടച്ച് സ്ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, മ്യൂസിക് സിസ്റ്റം, പവര്‍ വിന്‍ഡോസ് എന്നിവയ്ക്കെല്ലാം ചിപ്പുകള്‍ വേണം. എന്നാല്‍ കൊവിഡിന് ശേഷം ആഗോളതലത്തില്‍ ചിപ്പുകളുടെ ലഭ്യത കുറഞ്ഞു. ലോക്ക്ഡൗണിന് പിന്നാലെ വിപണി തിരിച്ച് വരവിന്റെ പാതയിലേക്ക് മടങ്ങിവന്നതോടെ ഡിമാന്റ് അനുസരിച്ച് ചിപ്പുകള്‍ നിര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുകയായിരുന്നു.