china-taliban

ന്യൂഡൽഹി: താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന് ഒരു മില്യൺ യു.എസ് ഡോളറിന്റെ സാമ്പത്തിക സഹായം നൽകി ചൈന. മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് മില്യൺ ഡോളർ കൂടി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തറിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും താലിബാന്റെ ഇടക്കാല സർക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ താലിബാനെ രാജ്യം പുനർനിർമ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും സഹായിക്കുമെന്ന് ചൈന വാഗ്ദാനം ചെയ്തു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ മുഖാമുഖ ചർച്ചയായിരുന്നു ഇത്.

സാമ്പത്തിക അരാജകത്വം, തീവ്രവാദ ഭീഷണികൾ, ഭരണപരമായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ നാലിരട്ടി വെല്ലുവിളികളാണ് അഫ്ഗാനിസ്ഥാൻ നേരിടുന്നതെന്ന് യോഗത്തിൽ സ്റ്റേറ്റ് കൗൺസിലർ കൂടിയായ വാങ് പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഉപരോധം നീക്കാൻ യു.എസിനോടും പാശ്ചാത്യരാജ്യങ്ങളോടും, അഫ്ഗാനിസ്ഥാനെ ആരോഗ്യകരമായ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ സഹായിക്കുന്നതിന് താലിബാനുമായി ഇടപഴകാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയും ചെയ്തു.

ചൈന അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നൽകുന്നത് തുടരുമെന്ന് ഉറപ്പുനൽകിയ വാങ്, സാമ്പത്തിക പുനർനിർമ്മാണം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് ആഗോള സമൂഹവുമായി ബെയ്ജിംഗ് പ്രവർത്തിക്കുമെന്നും പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ സമ്പൂർണ തകർച്ച ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം താലിബാനുമായി ഇടപഴകണമെന്ന് കഴിഞ്ഞ മാസം യു.എൻ മേധാവി അന്റോണിയോ ഗുട്ടെർസും പറഞ്ഞിരുന്നു. താലിബാൻ ഭരണത്തിന് കീഴിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാൻ സാദ്ധ്യതയുള്ള അഫ്ഗാനികൾക്ക് സഹായം നൽകണമെന്ന് യു.എൻ മേധാവി രാജ്യങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.