de-koek

ദുബായ്: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12ൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിന് തൊട്ടുമുൻപ് ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് നാടകീയമായി പിന്മാറി ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക്. മത്സരത്തിന് മുമ്പ് വർണ്ണ വിവേചനത്തിനെതിരെ (ബ്ലാക്ക് ലീവ്‌സ് മാറ്റർ)​ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാൻ വിസമ്മതിച്ചാണ് ഡി കോക്ക് ടീമിൽ നിന്ന് പിന്മാറിയതെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പിന്നീട് അറിയിച്ചു

ട്വന്റി-20 ലോകകപ്പിൽ മത്സരം തുടങ്ങുന്നതിന് മുൻപ് ഇരുടീമിലേയും താരങ്ങൾ മുട്ടിൽ കുത്തി നിന്ന് വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുൻപും ഡി കോക്ക് പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല. ഒന്നുകിൽ മുട്ടുകുത്തി കൈ ഉയർത്തി പ്രതിഷേധിക്കുക. അല്ലെങ്കിൽ കൈ ഉയർത്തി നിൽക്കുക അതുമല്ലെങ്കിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറ്റൻഷനായി നിൽക്കുക ഈ മൂന്ന് പ്രതിഷേധ മാർഗ്ഗങ്ങളിൽ ഏതെങ്കിലും ചെയ്യാൻ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക താരങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും ചെയ്യാൻ ഡി കോക്ക് തയ്യാറായില്ല. പ്രതിഷേധിക്കാൻ മടിച്ച ഡി കോക്കിന്റെ തീരുമാനം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ടീം മാനേജ്‌മെന്റിൽ നിന്ന് റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തുടർനടപടി സ്വീകരിക്കും.- ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ട്വീറ്റിൽ വ്യക്തമാക്കി.