കൊച്ചി: സൗന്ദര്യവർദ്ധക, ഫാഷൻ ഉത്‌പന്ന വിതരണരംഗത്തെ പ്രമുഖ ബ്രാൻഡായ നൈകയുടെ മാതൃകമ്പനി എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സിന്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) നാളെ തുടക്കമാകും. നവംബർ ഒന്നുവരെ നീളുന്ന വില്പനയിലൂടെ 5,352 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.
ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയർ ഒന്നിന് 1,085-1,125 രൂപനിരക്കിലാണ് വില്പന. കുറഞ്ഞത് 12 ഓഹരികൾക്കും അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 630 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും (ഫ്രഷ് ഇഷ്യൂ) നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള 4.19 കോടി ഓഹരികളുമാണ് വിറ്റഴിക്കുന്നത്. ബി.എസ്.ഇയിലും എൻ.എസ്.ഇയിലും ലിസ്‌റ്റ് ചെയ്യും.