ലക്നൗ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന എല്ലാ കർഷകർക്കും സഹായം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ഡിവിഷണൽ കമ്മീഷണർമാർക്കും ജില്ലാ മജിസ്‌ട്രേറ്റുകൾക്കും പ്രളയത്തിൽ കൃഷിനാശം സംഭവിച്ച ജില്ലകളിൽ അടിയന്തര സർവേ നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി. കാർഷിക നിക്ഷേപ ഗ്രാന്റ് മൊഡ്യൂളിൽ വിശദാംശങ്ങൾ ഓൺലൈനായി നൽകണം. നഷ്ടപരിഹാര തുക എത്രയും വേഗം നാശനഷ്ടം സംഭവിച്ച കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഔദ്യോഗിക വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ കാർഷിക നിക്ഷേപ ഗ്രാന്റ് മൊഡ്യൂൾ പ്രകാരം കർഷകർക്ക് നൽകുന്ന ദുരിതാശ്വാസ സഹായം അവലോകനം ചെയ്യുകയായിരുന്നു യോഗി. 35 ജില്ലകളിലെ 90,000ത്തിലധികം കർഷകർക്ക് പ്രളയത്തിൽ നശിച്ച വിളകൾക്ക് നഷ്ടപരിഹാരം നൽകാൻ 30.54 കോടി രൂപ അനുവദിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കൊവിഡ് കാലത്ത് സാധാരണക്കാർക്കെതിരെ ചുമത്തിയ മൂന്ന് ലക്ഷത്തിലധികം കേസുകൾ പിൻവലിക്കാനുളള ഉത്തരവുകളും യോഗി സർക്കാർ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നീതിന്യായവകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. അടുത്തവർഷം നടക്കുന്ന യു.പി നിയമസഭാ തിരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങൾ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ആരംഭിച്ച് കഴിഞ്ഞു. നേരത്തെ, യോഗി സർക്കാർ നടത്തിയ പല പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളളതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.