കായംകുളം: റോഡ് മുറിച്ചുകടക്കുന്നതിനിടെ സൈക്കിളിൽ ബൈക്കിടിച്ച് വൃദ്ധനും വിദ്യാർത്ഥിയും മരിച്ചു. പുതിയവിള വടക്ക് മാങ്കീഴിൽ മനോഹരൻ - മിനി ദമ്പതികളുടെ മകൻ ശംഭു (മിഥുൻ, 17), സൈക്കിൾ യാത്രക്കാരനായ ആറാട്ടുപുഴ കിഴക്ക് മല്ലിക്കാട്ട് കടവ് വയലിൽവീട്ടിൽ രാജേന്ദ്രൻ എന്നിവരാണ് മരിച്ചത്.
മിഥുന്റെ സുഹൃത്ത് കണ്ടല്ലൂർ വടക്ക് മൂത്താശേരിൽ അറാഫത്തിന്റെ മകൻ റിസ്വാന് ഗുരുതരമായി പരിക്കേറ്റു. ഇളമ്പള്ളിശേരി ജംഗ്ഷന് കിഴക്ക് പേരാത്ത് മുക്ക് മല്ലിക്കാട്ട് കടവ് റോഡിൽ ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു അപകടം. റിസ്വാൻ ഓടിച്ചിരുന്ന ബൈക്ക്, സൈക്കിളിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രാജേന്ദ്രനെ ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന മിഥുൻ തെറിച്ചുവീണ് സമീപത്തെ മതിലിൽ തലയിടിച്ച് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. നാട്ടുകാർ രാജേന്ദ്രനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസ്വാനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.