ഷാർജ : ലോകകപ്പ് സൂപ്പർ 12ൽ പാകിസ്ഥാന് രണ്ടാം ജയം. ഇന്നലെ ഗ്രൂപ്പ് 2ലെ മത്സരത്തിൽ പാകിസ്ഥാൻ 5 വിക്കറ്റിന് ന്യൂസിലൻഡിനെയാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസിൽ ഒതുങ്ങി.മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 18.4 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തി.ഒരു ഘട്ടത്തിൽ കളഴി കൈവിട്ടെന്ന് തോന്നിച്ചെങ്കിലും ആസിഫ് അലിയുടേയും (12 പന്തിൽ 27, 3സിക്സ് 1 ഫോർ) ഷുഹൈബ് മാലിക്കിന്റേയും (20 പന്തിൽ 26) വേഗ ഫിനിഷിംഗിന്റെ പിൻബലത്തിൽ വിജയംകൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. മുഹമ്മദ് റിസ്‌വാൻ 33 റൺസെടുത്തു. പാക്സക്യാപ്ടൻ ബാബർ അസമിനെ (9) പുറത്താക്കി ടിം സൗത്തി അന്താരാഷ്ട്ര ട്വന്റി-20യിൽ 100 വിക്കറ്റ് തികച്ചു. മുഹമ്മദ് ഹാഫീസിനെ (6) പുറത്താക്കാൻ ബൗണ്ടറിയിൽ വൈഡ് ലോംഗ് ഓഫിൽ കോൺവേ എടുത്ത പറക്കും ക്യാച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി.ന്യൂസിലൻഡിനായി ഇഷ് സോധി 2 വിക്കറ്റ് വീഴ്ത്തി.
നേരത്തേ 4 ഓവറിൽ 22 റൺസ് നൽകി 4 വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫാണ് കിവി ബാറ്റിംഗ് നിരയിൽ വലിയ പ്രശ്നം സൃഷ്ടിച്ചത്. ഷഹീൻ ഫ്രീദി, ഇമാദ് വാസിം, മുഹമ്മദ് ഹാഫീസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 27 റൺസ് വീതം നേടിയ ഡാരിൽ മിച്ചലും ഡൊവൊൻ കോൺവേയുമാണ് കിവീസിന്റെ ടോപ് സ്കോറർമാർ.
ഫെർഗൂസന് പരിക്ക്
മത്സരത്തിന് തൊട്ടുമുൻപ് സൂപ്പർ താരം ലോക്കി ഫെർഗൂസൻ പരിക്ക് മൂലം പുറത്തായത് ന്യൂസിലൻഡിന് തിരിച്ചടിയായി.