rahul-gandhi

ന്യൂഡൽഹി: കോൺഗ്രസ് ഉന്നതതല യോഗത്തിൽ വീണ്ടും ചർച്ചയായി മദ്യവർജ്ജനവും ഖാദി പ്രോത്സാഹനവും. കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാർട്ടി സംസ്ഥാന അദ്ധ്യക്ഷന്മാരുടെ യോഗത്തിലാണ് രാഹുൽ ഗാന്ധി വീണ്ടും ഈ വിഷയങ്ങൾ ഉയർത്തിയത്.

ചർച്ചയ്ക്കിടെ ഇവിടെ ആരൊക്കെ മദ്യപിക്കും എന്നും രാഹുൽ ഗാന്ധി ചോദിച്ചു. അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽ പല നേതാക്കളും ആദ്യം ഒന്ന് പതറി. തന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങളും മദ്യപിക്കും എന്നായിരുന്നു നവജ്യോത് സിംഗ് സിദ്ധുവിന്റെ മറുപടി.

മദ്യവർജ്ജന നയം മഹാത്മാഗാന്ധിയുടെ കാലം തൊട്ട് കോൺഗ്രസ് പിന്തുടരുന്നതാണ്. 2007 ലെ ഒരു കോൺഗ്രസ് വർക്കിംഗ് കമ്മറ്റി യോഗത്തിൽ രാഹുൽ ഇത്തരം നിയമങ്ങൾ പിന്തുടരുന്നതിലെ അപ്രായോഗികതയെ ചോദ്യം ചെയ്തിരുന്നു.

അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന കോൺഗ്രസിന്റെ അംഗത്വ യജ്ഞത്തിനുള്ള ഫോമിൽ മദ്യവർജ്ജന നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗത്വം സ്വീകരിക്കുമ്പോൾ ഉള്ള പ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പത്ത് നിർദേശങ്ങളിൽ ഒന്നാണ് മദ്യവർജ്ജനം.