തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ് നിയമസഭയിൽ. കോവളം എം എൽ എ എം വിൻസന്റാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. നികുതിവെട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും വിൻസന്റ് ആവശ്യപ്പെട്ടു.
പണം തട്ടിയവരെ അറസ്റ്റ് ചെയ്യാൻ മന:പൂർവ്വം വൈകിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.മേയർ ആര്യ രാജേന്ദ്രനെയും എം എൽ എ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ രീതിയിൽ നടന്ന പ്രതിഷേധത്തെ മേയർ അവഗണിക്കുകയാണ്. മേയർക്ക് പ്രായം മാത്രമല്ല ജനാധിപത്യബോധവും കുറവാണെന്ന് എം എൽ എ ആരോപിച്ചു. നികുതിദായകർക്ക് അവർ അടച്ച പണം നഷ്ടമാകുമോയെന്ന ആശങ്കയുണ്ടെന്നും വിൻസന്റ് ചൂണ്ടിക്കാട്ടി.
അതേസമയം കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും, പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചു. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 13 പേരെ സസ്‌പെൻഡ് ചെയ്തുവെന്നും അദ്ദേഹം അറിയിച്ചു.