ഭോപ്പാൽ: കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടി. യുവതിയേക്കാൾ പതിമൂന്ന് വയസിന് ഇളയതാണ് കാമുകൻ. ഒക്ടോബർ 13 ന് ഇൻഡോറിലെ ഖജ്രാന പ്രദേശത്താണ് വിചിത്രമായ സംഭവം നടന്നത്.
ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ബിസിനസുകാരനായ ഭർത്താവ് പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 47 ലക്ഷം രൂപയും കൊണ്ടാണ് ഭാര്യ കാമുകനൊപ്പം പോയതെന്നാണ് പരാതി.
ഓക്ടോബർ 13ന് രാത്രിയായിട്ടും ഭാര്യ വീട്ടിൽ തിരിച്ചെത്താതായതോടെ സംശയം തോന്നി, തുടർന്ന് അലമാര പരിശോധിച്ചപ്പോഴാണ് 47 ലക്ഷം രൂപയും കൊണ്ടുപോയെന്നറിയുന്നത്. ഉടൻ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇമ്രാൻ എന്നാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ പേരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുപ്പത്തിരണ്ടുകാരനായ ഇയാൾ ഖണ്ഡ്വ, ജാവ്ര, ഉജ്ജയിൻ, രത്‌ലം എന്നീ നാല് നഗരങ്ങളിലായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 33 ലക്ഷം രൂപ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.