anita

ഒട്ടാവാ: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കനേഡിയൻ ക്യാബിന‌റ്റിൽ സുപ്രധാന മാ‌റ്റവുമായി പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡൊ. ഒക്‌ടോബർ 26ന് നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ഓക്‌വില്ലിയിൽ നിന്നുള‌ള ജനപ്രതിനിധിയും ഇന്ത്യൻ വംശജയുമായ അനിതാ ആനന്ദിനെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുത്തു. 54കാരിയായ അനിത കാനഡയിലെ കെന്റ്‌വില്ലിയിലാണ് ജനിച്ചതെങ്കിലും മാതാപിതാക്കൾ ഇന്ത്യൻ വംശജരാണ്. പിതാവ് എസ്.വി ആനന്ദ് പഞ്ചാബ് സ്വദേശിയും മാതാവ് സരോജ തമിഴ്‌നാട് സ്വദേശിയുമാണ്.

കോർപറേ‌റ്റ് അഭിഭാഷകയും കോർപറേ‌റ്റ് ഭരണത്തിൽ മികച്ച പ്രാവീണ്യമുള‌ളയാളുമാണ് അനിത. ഇതാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാനും ട്രൂഡോയുടെ മന്ത്രിസഭയിലെത്താനും അനിതയെ സഹായിച്ചതും. നിലവിൽ കൊവിഡ് പ്രതിസന്ധി സമയത്ത് വാക്‌സിൻ സംഭരണത്തിലും പ്രചരണത്തിലും ചുമതലയുള‌ള മന്ത്രിയായി. ഈ സമയത്ത് പ്രധാനമന്ത്രിയോടൊത്ത് മികച്ച രോഗപ്രതിരോധ പ്രവർത്തനം നടത്തി.

ഇന്ത്യൻ വംശജനും പ്രതിരോധ മന്ത്രിയുമായിരുന്ന ഹർജിത് സജ്ജൻ രാജ്യത്തെ സൈനികർ നടത്തുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് രാജ്യത്ത് വലിയ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് അനിത പുതിയ പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഓൺടാരിയോ പ്രവിശ്യയിലെ ഓക്‌വില്ലിയിൽ നിന്നും 46 ശതമാനം വോട്ട് നേടിയാണ് അനിതാ ആനന്ദ് വിജയിച്ചത്.