ksrtc

കൊട്ടാരക്കര: പൊതുവിൽ ആണുങ്ങൾ മാത്രം കൈകാര്യം ചെയ്യുന്നതാണ് നമ്മുടെ നാട്ടിലെ ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ്. എന്നാലിപ്പോൾ ചെറിയ തോതിലെങ്കിലും നമ്മുടെ നാട്ടിൽ ബസും ലോറിയും മണ്ണുമാന്തിയും മറ്റും ഓടിക്കുന്ന വനിതാ ഡ്രൈവർമാരുണ്ട്. ഇക്കൂട്ടത്തിൽ കെഎസ്‌ആർടിസി

യുടെ വളയം പിടിക്കുന്നൊരു വനിതാ ഡ്രൈവറുണ്ട്. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറായ ഷീലയാണത്.

2013ൽ കെഎസ്‌ആർ‌ടി‌സിയിൽ ഡ്രൈവറായി ചേർന്ന ഷീല കോതമംഗലം ചെങ്ങനാൽ കോട്ടപ്പടി സ്വദേശിയാണ്. ഹെവി ഡ്രൈവിംഗ് പണ്ടുമുതലേ ഷീലയ്‌ക്ക് വലിയ ഇഷ്‌ടമാണ്. കെഎസ്‌ആർടിസിയിൽ വരുന്നതിന് മുൻപ് ഡ്രൈവിംഗ് സ്‌കൂളിലെ പരിശീലകയായും സ്വകാര്യ ബസ് ഓടിച്ചമുള‌ള മികച്ച അനുഭവം ഷീലയ്‌ക്കുണ്ട്. കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്ക് സൂപ്പർ ഫാസ്‌റ്റും അനിത ഓടിക്കുന്നുണ്ട്.

ഡ്രൈവിംഗ് ജോലിയിൽ മ‌റ്റ് കാര്യമായപ്രശ്‌നങ്ങളില്ലെങ്കിലും കൃത്യം സ്ഥലത്ത് നിർത്താത്തതിന് വഴക്കുണ്ടാക്കുന്ന ചില യാത്രക്കാർ വിഷമമുണ്ടാക്കിയിട്ടുണ്ട്. ഡിപ്പോയിൽ വനിതാ ജീവനക്കാർക്ക് വിശ്രമ സൗകര്യമില്ലാത്തത് മറ്റൊരു വിഷമമാണ്. എം പാനൽ ഡ്രൈവർമാരായി പണ്ട് വനിതാ ഡ്രൈവർമാർ കെഎസ്‌ആർടി‌സിയ്‌ക്ക് ഉണ്ടായിരുന്നെങ്കിലും സ്ഥിരം ഡ്രൈവറായി ഷീല മാത്രമാണുള‌ളത്.