ന്യൂഡൽഹി: സ്കോഡയുടെ പുത്തൻ കോംപാക്ട് എസ് യു വിയായ കുഷാക്കിന് കമ്പനി അവകാശപ്പെടുന്ന മൈലേജ് 17.95 ആണ്. ഒരു കോപാക്ട് എസ് യു വിയെ സംബന്ധിച്ച് ലിറ്ററിന് 17 കിലോമീറ്റർ എന്ന മൈലേജ് വളരെ മികച്ചതാണെങ്കിലും ഇന്ത്യയിലെ നിരത്തുകളിൽ ഇത്രയും മൈലേജ് ലഭിക്കുമോ എന്നത് ഒരു ചോദ്യമാണ്. ഒരു ദേശീയ ഓട്ടോമൊബൈൽ മാഗസിൻ അടുത്തിടയ്ക്ക് കുഷാക്കിന്റെ മൈലേജ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ച ശേഷം അതിന്റെ ഫലം പ്രസിദ്ധീകരിച്ചിരുന്നു.
1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനിൽ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഏഴ് സ്പീഡ് ഡ്യുവൽ ക്ളച്ച് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും അടങ്ങിയ ഗിയർ ബോക്സിലാണ് വാഹനം വിപണിയിൽ എത്തുന്നത്. കുഷാക്കിന്റെ അതേ പ്ളാറ്റ്ഫോമിൽ നിർമിച്ച ഫോക്സ് വാഗണിന്റെ തൈഗൂണിലേതിനു സമാനമായി മൈലേജ് കൂടുതൽ ലഭിക്കാൻ സഹായിക്കുന്ന സിലിണ്ടർ ഡിആക്ടിവേഷൻ ടെക്നോളജിയോടൊപ്പമാണ് കുഷാക്കും എത്തുന്നത്. അതിനാൽ തന്നെ വാഹനത്തിന് മികച്ച മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ പുതിയ പരീക്ഷണ ഫലങ്ങൾ അനുസരിച്ച് പ്രതീക്ഷിക്കുന്ന തരത്തിലുള്ള മൈലേജൊന്നും വാഹനത്തിൽ നിന്ന് ലഭിക്കില്ലെന്നാണ് അറിയാൻ കഴിയുന്നത്. നഗരത്തിരക്കിൽ വാഹനത്തിന് ലഭിക്കുന്ന മൈലേജ് കമ്പനി അവകാശപ്പെടുന്നതിന്റെ നാലയലത്ത് പോലും എത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ലിറ്ററിന് 17.95 കിലോമീറ്റർ ലഭിക്കുമെന്ന് കമ്പനി പറയുമ്പോൾ നഗരത്തിൽ ലഭിച്ചത് വെറും 12.99 കിലോമീറ്റർ മൈലേജാണ്. അതേസമയം ഹൈവേയിൽ 17.51 കിലോമീറ്റർ വരെ മൈലേജ് ഈ വാഹനത്തിന് ലഭിച്ചു. എങ്കിലും കമ്പനി അവകാശപ്പെടുന്നതിനേക്കാൾ കുറവാണ് ഹൈവേയിലും ലഭിച്ച മൈലേജ്. ഹൈവേയിലും നഗരത്തിലും ഒരേപോലെ വാഹനം ഓടിക്കുന്ന വ്യക്തിക്ക് ലിറ്ററിന് 15 കിലോമീറ്റർ വരെ മൈലേജ് ലഭിച്ചേക്കാമെന്ന് വാഹനം ടെസ്റ്റ് ചെയ്ത ഏജൻസി വ്യക്തമാക്കി.
കുഷാക്കിന്റെ 6-സ്പീഡ് മാനുവൽ ഗിയർ ബോക്സ് മോഡലിലാണ് പരീക്ഷണം നടത്തിയത്. സാധാരണ ഗതിയിൽ മാനുവൽ ട്രാൻസ്മിഷൻ വാഹനങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കുറവ് മൈലേജായിരിക്കും അതേ വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് മോഡലിന് ലഭിക്കുക.