ന്യൂഡൽഹി: ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ 'എവൈ.4.2' കൂടുതൽ പേരിൽ സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. മേയ് അവസാനം മുതൽ സെപ്തംബർ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച 19000 സാമ്പിളുകളിൽ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിലും ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞ ആഴ്‌ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് എവൈ.4.2 എന്ന പുതിയ ഡെൽറ്റ വകഭേദം കണ്ടെത്തിയതോടെ ഇംഗ്ലണ്ടിൽ ദിവസേനെയുള്ള കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തി.
എന്താണ് ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ 'എവൈ.4.2'
റിപ്പോർട്ട് അനുസരിച്ച് എവൈ.4.2 വകഭേദത്തിന്റെ സ്പൈക്ക് പ്രോട്ടീനിൽ രണ്ട് മ്യൂട്ടേഷനുകൾ അടങ്ങിയിട്ടുണ്ട്. ഒറിജിനൽ ഡെൽറ്റ വകഭേദത്തെക്കാൾ 10-15 ശതമാനം വരെ കൂടുതൽ പകരാൻ ശേഷിയുളളതാണ് പുതിയ വകഭേദം. എന്നാൽ ഇതിനെക്കാൾ 50 മുതൽ 60 ശതമാനം വരെ കൂടുതൽ പകരുന്ന ആൽഫ, ഡെൽറ്റ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഒന്നുമല്ല എന്നാണ് യുകെയിലെ ചില ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
'എവൈ.4.2' കൂടുതൽ അപകടകാരിയോ?
ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ 'എവൈ.4.2' യഥാർത്ഥ ഡെൽറ്റ വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അതിവേഗം പടരുമെന്നാണ് പറയപ്പെടുന്നത്. ഏറ്റവും നല്ല പ്രതിരോധ മാർഗം വാക്സിനേഷനാണ്, ഈ വകഭേദത്തെ വാക്സിന് എത്രത്തോളം പ്രതിരോധിക്കാൻ കഴിയും എന്നതിന്റെ പരീക്ഷണങ്ങളൊന്നും നിലവിൽ നടന്നിട്ടില്ല. 'എവൈ.4.2' കാരണം കൊവിഡ് കേസുകളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ഇന്ത്യയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, മാസ്ക് ധരിക്കുക, ശുചിത്വവും സാമൂഹിക അകലവും പാലിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ വൈറസ് കൂടുതലായി പടരുന്നത് തടയാൻ കഴിയും.