ettumanoor

രൗദ്ര ഭാവത്തിലുള്ള ശിവ ഭഗവാൻ മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ പ്രധാന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്.

ശിവ ഭഗവാനെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. രാവിലെ അഘോരമൂർത്തിയായും ഉച്ചക്ക് ശരഭമൂർത്തിയായും, വൈകിട്ട് അർദ്ധനാരീശ്വരനായും സങ്കല്പിച്ച്കൊണ്ടാണ് പൂജകൾ നടക്കുന്നത്.വലിയ വിളക്കിൽ എണ്ണ ഒഴിച്ച് പ്രാർഥിക്കുന്നതെന്തും ആത്മാർഥമെങ്കിൽ ഭ​ഗവാൻ നടത്തിത്തരുമെന്നാണ് വിശ്വാസം.കുംഭമാസത്തിലെ പത്ത് ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഇത് കൂടാതെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയും ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളാണ്.ഈ ക്ഷേത്രത്തിൽ ഉച്ചപൂജക്ക് മുൻപ് ദർശനം നടത്തുന്നത് പുണ്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

ഐതിഹ്യം.

ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ജ്യോതിർലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന് ആകാശ മാർഗം യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി . വലതു കൈയിലെ ശിവലിംഗം അവിടെ ഇറക്കി വച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിച്ചില്ല. താൻ പ്രതിഷ്ഠകൊള്ളാൻ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥലമാണിതെന്ന് ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകൈയിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം.

ചരിത്രം

ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, അത് തെളിയിക്കുന്ന രേഖകളൊന്നും ക്ഷേത്രത്തിലില്ല. ക്ഷേത്രം ആദ്യം വടക്കുംകൂർ രാജ്യത്തായിരുന്നു. ക്ഷേത്രത്തിന്റെ നടത്തിപ്പുക്കാർ എട്ട് മനക്കാരായിരുന്നു. ഇതുവഴി 'എട്ടുമനയൂർ' എന്ന പേര് സ്ഥലത്തിന് വന്നുവെന്നും അതാണ് ഏറ്റുമാനൂർ ആയതെന്നും പറയപ്പെടുന്നു. എട്ട് മനക്കാർക്കിടയിൽ ആഭ്യന്തരകലഹം ഉണ്ടായപ്പോൾ ക്ഷേത്രം തകർന്നുപോയി. പിന്നീട് കൊല്ലവർഷം 929-ൽ ക്ഷേത്രം തിരുവിതാംകൂർ ഏറ്റെടുത്തു .തിരുവിതാംകൂർ ദിവാനായിരുന്ന മൺറോ പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രം ഏറ്റെടുക്കപ്പെട്ടത്. ഇപ്പോൾ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

പ്രതിഷ്ഠ

ദക്ഷിണാമൂർത്തി, ഗണപതി,ശാസ്താവ്,ദുർഗ്ഗാദേവി,നാഗദൈവങ്ങൾ,യക്ഷി എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ. കൂടാതെ ഇതിന് സമീപമായി അന്തിമഹാകാളൻ ക്ഷേത്രവും ശ്രീകൃഷ്ണ ക്ഷേത്രവും ഉണ്ട്.കൊല്ലവർഷം 720ൽ ഭഗവാൻ സ്വയം കൊളുത്തിയെന്ന് വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല എന്നത് ക്ഷേത്രത്തിൻ്റെ വലിയൊരു പ്രത്യേകതയായി നിലനിൽക്കുന്നു.