മനുഷ്യരുടെ മരണകരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്‌ട്രോക്ക് അതിജീവിക്കുന്നവരിൽ അതുണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതാണ്. എന്താണ് പക്ഷാഘാതം, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകൾ ലഭ്യമാണ്, എങ്ങനെ പ്രതിരോധിക്കാം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 29 ലോക പക്ഷാഘാതദിനമായി ആചരിക്കുന്നത്.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ നമ്മൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകാൻ കാരണം. പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ഈ വർഷത്തെ സ്‌ട്രോക്ക് ദിന സന്ദേശത്തിന്റെ കാതൽ. സ്‌ട്രോക്ക് ചികിത്സായിൽ ഓരോ മിനിട്ടും പ്രധാനപ്പെട്ടതാണ്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാൽ തലച്ചോറിലെ തകരാറ് കഴിയുന്നത്ര കുറയ്‌ക്കാൻ കഴിയും. അതോടൊപ്പം, നമുക്ക് ചലിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും.
എന്താണ്
സ്‌ട്രോക്ക് ?
തലച്ചോറിലേയ്‌ക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് കാരണം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കണ്ടുവരുന്നത്. സ്‌ട്രോക്ക് പൊതുവെ രണ്ടുതരത്തിലുണ്ട്.
ഇഷിമിക്ക് സ്‌ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ട പിടിച്ചുണ്ടാകുന്ന സ്‌ട്രോക്കാണ് അതിൽ ആദ്യത്തേത്. സ്‌ട്രോക്കുകളിൽ ഏറിയ പങ്കും ഈ ഇത്തിൽപ്പെട്ടതാണ്.
ഹെമൊറാജിക് സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്കാണ് രണ്ടാമത്തെ തരം. ഇഷിമിക് സ്‌ട്രോക്കിനെക്കാൾ മാരകമാണിത്.
സ്‌ട്രോക്കിനുള്ള
സാദ്ധ്യതകൾ
സ്‌ട്രോക്ക് ഒരു ജീവിത ശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മർദ്ദമുള്ളവരിൽ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
അതുപോലെ പ്രമേഹം, ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിയുള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം. ഹാർട്ട് അറ്റാക്ക് വന്നവരിൽ, ഹൃദയ വാൽവ് സംബന്ധമായ തകരാറുകളുള്ളവരിൽ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവർ ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിത ശൈലിയിൽ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലിയാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ അമിത വണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം എന്നിവയും ചെറുപ്പക്കാരിൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതിൽ അപാകത ഉണ്ടാകുന്ന രോഗങ്ങൾ ഉള്ളവരിലും സ്‌ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.
സ്‌ട്രോക്ക്
തിരിച്ചറിയാം
ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്‌ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അത് സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. സ്‌കൂൾ തലത്തിൽ തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ‌്തരാക്കുക എന്നതും ഈ സ്‌ട്രോക്ക് ദിനത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.
എങ്ങനെ
ചികിത്സിക്കാം
സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്‌ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളിൽ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നൽകേണ്ടതാണ്. ഇതിന് ത്രോംബോളൈറ്റിക് തെറാപ്പി എന്നാണ് പറയുന്നത്. ഈ ചികിത്സയാൽ സ്‌ട്രോക്ക് കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഗണ്യമായ കുറവ് ഉണ്ടാകും. അതിനാൽ എത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് യൂണിറ്റിൽ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ , സി.ടി / എം.ആർ.ഐ എടുക്കാനുള്ള സൗകര്യം, ഐ.സി.യു സൗകര്യം എന്നിവയാണ് സ്‌ട്രോക്ക് യൂണിറ്റിന് ആവശ്യമായ കുറഞ്ഞ യോഗ്യതകൾ.
സാധാരണയായി സംഭവിക്കുന്നത്, രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കിൽ എത്തിക്കുകയും പിന്നെ സി.ടി സ്‌കാനിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടന്ന് എത്തിപ്പെടാവുന്ന സ്‌ട്രോക്ക് യൂണിറ്റുകളുള്ള ആശുപത്രികൾ ഏതൊക്കെയാണെന്നും അവരുടെ സ്‌ട്രോക്ക് ഹെൽപ്പ്ലൈൻ നമ്പറുകൾ ഏതാണെന്നും അറിഞ്ഞു വയ്‌ക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്‌ടം കുറയ്‌ക്കാൻ സഹായിക്കും.
ത്രോമ്പോലിസിസ് കൊണ്ട് മാറ്റാൻ പറ്റാത്ത വലിപ്പമുള്ള രക്തക്കട്ടകൾ മാറ്റുന്നതിന് രക്തധമനി വഴി ഒരു കത്തീറ്റർ കടത്തി നീക്കം ചെയ്യാനുള്ള എൻഡോവാസ്‌ക്യൂലറൈസേഷൻ തെറാപ്പിയും ഇപ്പോൾ ലഭ്യമാണ്. എന്നാൽ, ഇതു ചില സ്‌ട്രോക്ക് യൂണിറ്റുകളിൽ മാത്രമേ ഇത് ഉള്ളൂവെന്ന് മാത്രം.
ചികിത്സ വൈകാനുള്ള മറ്റൊരു കാരണം, തുടക്കത്തിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കും. സി.ടി സ്‌കാനിൽ സ്‌ട്രോക്കിന്റെ വ്യതിയാനങ്ങൾ വരാൻ ചിലപ്പോൾ ആറു തൊട്ടു ഇരുപതിനാല് മണിക്കൂർ വരെ എടുക്കാം. സി.ടി സ്‌കാൻ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കിൽ എം.ആർ.ഐ സ്‌കാനിൽ മാത്രമേ ആദ്യ മണിക്കൂറുകളിൽ സ്‌ട്രോക്കിന്റെ വ്യത്യാനങ്ങളും മനസിലാക്കാൻ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷങ്ങൾ ഇല്ലത്തതിനാലും സി.ടി സ്‌കാൻ നോർമൽ ആയതിനാലും ചിലപ്പോൾ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരിൽ ചിലപ്പോൾ 2 മുതൽ 3 മണിക്കൂർ കഴിയുമ്പോൾ പൂർണ്ണമായ സ്‌ട്രോക്ക് വരുകയും ത്രോമ്പോലിസിസ് ചികിത്സയ്‌ക്കുള്ള സമയപരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.
ചില രോഗികളിൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് പൂർണ്ണമായി മാറുകയും ചെയ്യും. ഇതിനെ ടി.ഐ.എ അഥവാ ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക് എന്ന് പറയുന്നു. പൂർണ്ണമായി ഭേദമായതിനാൽ ചിലപ്പോൾ രോഗി ചികിത്സ തേടാറില്ല. എന്നാൽ, ഇത്തരത്തിൽ വരുന്ന ടി.ഐ.എ ഭാവിയിൽ സ്‌ട്രോക്ക് വരാനുള്ള ഒരു അപായ സൂചന ആണ്. അതിനാൽ ലക്ഷണങ്ങൾ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.
ഡോ. സുശാന്ത്
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം
എസ്.യു.ടി സ്‌ട്രോക്ക് ഹെൽപ്പ് ലൈൻ നമ്പർ : 04714077888