മുംബയ്: ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹം വരുന്ന ഡിസംബറിൽ നടന്നേക്കുമെന്ന് സൂചനകൾ. ഇരുവരും നിലവിൽ ചെയ്യുന്ന പ്രൊജക്ടുകൾ ഡിസംബറോടു കൂടി തീരുന്ന രീതിയിൽ ക്രമീകരിക്കുന്നതും മറ്റ് പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാത്തതുമാണ് പ്രണയജോഡികൾ ഡിസംബറിൽ വിവാഹിതരായേക്കുമെന്ന സംശയം ബലപ്പെടുത്തുന്നത്. ഇതിനു മുമ്പ് വിവാഹിതരായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും തങ്ങളുടെ വിവാഹത്തിനു മുമ്പും ശേഷവുമുള്ള ദിവസങ്ങൾ സമാന രീതിയിൽ ക്രമീകരിച്ചിരുന്നു. രൺബീറും ആലിയയും അതേ വഴി തന്നെ തിരഞ്ഞെടുക്കുന്നോ എന്നാണ് ആരാധകരുടെ സംശയം.
ഇതിനു പുറമേ രൺബീർ തന്റെ പുതിയ ചിത്രമായ അനിമലിന്റെ ചിത്രീകരണം ജനുവരിയിലേക്ക് നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാർത്തകളുമുണ്ട്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന അനിമൽ ഡിസംബറിൽ ഷൂട്ട് ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ആലിയ തന്റെ എല്ലാ സിനിമകളുടേയും ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഒക്ടോബർ അവസാനത്തോടുകൂടി പൂർത്തിയാക്കണമെന്ന് അതാത് സംവിധായകരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ആലിയയുടെ അമ്മ സോണി റസ്ദാനോടും ഒരു സ്വകാര്യ ചടങ്ങിൽ വച്ച് മാദ്ധ്യമങ്ങൾ ഇതേ സംശയം ചോദിച്ചിരുന്നു. ആലിയ പുതിയ സിനിമകളുമായി കരാറിലേർപ്പെട്ടിട്ടില്ല എന്നത് സത്യമാണെങ്കിലും രൺബീറുമായുള്ള വിവാഹത്തെകുറിച്ച് തനിക്ക് ഒരു അറിവുമില്ലെന്നും മറ്റുള്ളവരെ പോലെ താനും ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും സോണി റസ്ദാൻ പറഞ്ഞു.