തൊഴിൽ ചെയ്തു ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അവകാശമാണ്. അതിൽ സ്ത്രീകൾക്ക് ചെയ്യാൻ കഴിയാത്ത തൊഴിൽ എന്ന് പറഞ്ഞ് ചില മേഖലകളെ സമൂഹം വേർതിരിച്ചിട്ടുണ്ട്. അത് തെറ്റാണെന്നും ഏതൊരു മേഖലയിലും ശോഭിക്കാൻ കഴിയുമെന്നും സ്ത്രീകൾ തെളിയിച്ചിട്ടുമുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനെയൊന്നും ഭയക്കാതെ ജീവിതത്തിൽ വിജയിച്ച് കാണിച്ച നാസിക്കിലെ മട്ടോരി ഗ്രാമത്തിലെ കർഷകയായ സംഗീത പിംഗലെയുടെ ജീവിതത്തെപറ്റി കൂടുതൽ അറിയാം.
സംഗീതയുടെ ജീവിതം
2004ൽ പ്രസവസമയത്തെ സങ്കീർണതകൾ കാരണം സംഗീതയ്ക്ക് രണ്ടാമത്തെ കുട്ടിയെ നഷ്ടപ്പെട്ടു, ശാസ്ത്രത്തിൽ ബിരുദധാരിയാണ് അവർ. 2007ൽ മൂന്നാമത് ഗർഭിണിയായി ഒമ്പത് മാസം ആയ സമയത്താണ് സംഗീതയുടെ ഭർത്താവ് റോഡപകടത്തിൽ മരിച്ചത്. ആ അപകടത്തിൽ തകർന്നുപോയ അവരെ പത്തുവർഷത്തോളം സംരക്ഷിച്ചത് ഭർത്താവിന്റെ അച്ഛനും ബന്ധുക്കളുമാണ്. 2017ൽ, കുടുംബ കലഹത്തെത്തുടർന്ന് കൂട്ടുകുടുംബം വേർപിരിഞ്ഞു, സംഗീതയും അവളുടെ ഭർത്താവിന്റെ മാതാപിതാക്കളും കുട്ടികളുമായി ബന്ധുക്കളിൽ നിന്നും മാറി മറ്റൊരു വീട്ടിൽ താമസം തുടങ്ങി.
കൃഷിയിലേക്ക് തിരിയാനുള്ള കാരണം
രണ്ടു മാസത്തിനു ശേഷം സംഗീതയുടെ ഭർതൃപിതാവ് അസുഖം മൂലം മരണപ്പെട്ടു അത് അവരുടെ ജീവിതത്തിലെ മറ്റൊരു ദുരന്തം ആയിരുന്നു. 'ജീവിതത്തിൽ എന്നെ പിന്തുണച്ചിരുന്നവരെല്ലാം പോയി. ഞാൻ തനിച്ചായിരുന്നു, ആ സമയത്ത് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടിരുന്നു,' 39 കാരിയായ സംഗീത ഓർക്കുന്നു. ഭർതൃപിതാവിന്റെ മരണശേഷം 13 ഏക്കർ കൃഷിയിടത്തിന്റെ ഏക സംരക്ഷക സംഗീതയായിരുന്നു. അവരുടെ ഒരേയൊരു വരുമാന മാർഗം കൃഷിയായിരുന്നു. അങ്ങനെയാണ് കൃഷിയെപ്പറ്റി കൂടുതലായി അറിയാനും കൃഷി തൊഴിലാക്കി മാറ്റാനും തീരുമാനിച്ചത്. ഒരു സ്ത്രീക്കു പറ്റിയ മേഖലയല്ല കൃഷി കുടുംബത്തിലെ കാര്യങ്ങളും കുട്ടികളെയും നോക്കി കഴിയുമ്പോൾ ഇതിനൊന്നും സമയം കിട്ടില്ലെന്നും പല ബന്ധുക്കളും സുഹൃത്തുക്കളും സംഗീതയോട് പറഞ്ഞു. എന്നാൽ ഇന്ന്, തന്റെ 13 ഏക്കർ സ്ഥലത്ത് ടൺ കണക്കിന് മുന്തിരിയും തക്കാളിയും വിജയകരമായി നട്ടുവളർത്തി ലക്ഷങ്ങൾ സമ്പാദ്യവുമായി സംഗീത തന്റെ വിമർശകർ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചു.
നേരിടേണ്ടി വന്ന വെല്ലുവിളികൾ
സ്വർണം പണയം വെച്ചും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് സംഗീത മുന്തിരി കൃഷി തുടങ്ങാനുള്ള പണം കണ്ടെത്തിയത്. സഹോദരനാണ് മുന്തിരിക്ക് ഉപയോഗിക്കേണ്ട വളങ്ങളെ പറ്റിയും കൃഷി രീതികളെ പറ്റിയുമുള്ള കൂടുതൽ അറിവുകൾ സംഗീതയ്ക്ക് പകർന്നു നൽകിയത്. ശാസ്ത്രം പഠിച്ചിട്ടുള്ളതുകൊണ്ട് രാസവളങ്ങളിലെ ചേരുവകളെ പറ്റിയെല്ലാം പെട്ടെന്നുതന്നെ മനസിലാക്കാൻ സാധിച്ചുവെന്നും സംഗീത പറയുന്നു. എണ്ണമറ്റ വെല്ലുവിളികളാണ് സംഗീതയ്ക്ക് തുടർന്ന് അഭിമുഖീകരിക്കേണ്ടി വന്നത്. വാട്ടർ പമ്പ് കേടായി,ഒരിക്കലും നിലയ്ക്കാത്ത തൊഴിലാളികളുടെ പ്രശ്നങ്ങൾ കൂടാതെ നഷ്ടത്തിലേക്ക് നയിക്കുന്ന കാലാനുസൃതമല്ലാത്ത മഴയും കീടബാധയെ നേരിടുന്നതും കൃഷിയെ ബുദ്ധിമുട്ടിലാക്കി.
പുരുഷന്മാർക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്ന് പൊതുവിൽ പറയപ്പെടുന്ന ട്രാക്ടർ ഓടിക്കുക, യന്ത്രങ്ങൾ നന്നാക്കുക,ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി വിപണിയിലേക്കുള്ള യാത്രകൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ സംഗീത പഠിച്ചു. ആരുടെയും പിന്തുണയുണ്ടായിരുന്നില്ല എങ്കിലും ഇരുചക്ര വാഹനം ഓടിക്കാനും ട്രാക്ടർ ഓടിക്കാനും അവർ പഠിച്ചു. ഒരു ട്രാക്ടറിന്റെ കേടായ ഭാഗം നന്നാക്കാൻ ഒരു ദിവസം മുഴുവൻ വർക്ക്‌ഷോപ്പിൽ ചെലവഴിച്ച ദിവസങ്ങളുമുണ്ടായിരുന്നു സംഗീതയ്ക്ക്.
പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വിജയത്തിലേക്ക് സാവധാനം ആണെങ്കിലും സംഗീതയുടെ ഫാം വികസിക്കാൻ തുടങ്ങി. ഇന്ന് അതിൽ നിന്ന് പ്രതിവർഷം 8001,000 ടൺ മുന്തിരി വിളവ് ലഭിക്കുന്നു, 2530 ലക്ഷം രൂപ വരെയാണ് ഇന്ന് സംഗീതയുടെ പ്രതിവർഷം സമ്പാദിക്കുന്നത്. ചെറിയ തോതിലുള്ള തക്കാളി കൃഷിയിലൂടെ ചെറിയ നഷ്ടങ്ങൾ വീണ്ടെടുക്കാനും അവർക്ക് കഴിഞ്ഞു. അതേസമയം വരുമാനം വർധിപ്പിക്കാനായി മുന്തിരി കയറ്റുമതി ചെയ്യാൻ സംഗീതയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ തീവ്രമായ കാലാവസ്ഥാവ്യതിയാനം അതിൽ നിന്ന് തടഞ്ഞു. എന്നാൽ വരുന്ന സീസണിൽ വിജയിക്കുമെന്ന് ഉറപ്പാണെന്ന് അവർ പറയുന്നു.
സ്ഥിരോത്സാഹവും ക്ഷമയും പഠിപ്പിച്ചത് കൃഷിയാണെന്ന് സംഗീത പറയുന്നു. 'എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. കഠിനാധ്വാനം, നിശ്ചയദാർഢ്യം, അർപ്പണബോധത്തോടെയുള്ള മണിക്കൂറുകളുടെ പരിശ്രമം എന്നിവകൊണ്ടാണ് എനിക്കിത് സാധ്യമായത് എന്നാണ് എന്റെ വിശ്വാസം, 'അവർ പറയുന്നു. എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാൻ കവിയുന്നതാണ് സംഗീത പിംഗലെയുടെ ജീവിതം.