corp

തിരുവനന്തപുരം: നഗരത്തിൽ നിയമവിരുദ്ധമായി നിർമ്മിച്ച 120 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകൾക്ക് നികുതി ഭാരം കുറച്ചു നൽകാനുള്ള തീരുമാനവുമായി കോർപ്പറേഷൻ. സാധാരണ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്ക് യഥാർത്ഥ നികുതിയുടെ മൂന്നിരട്ടിയാണ് കോർപ്പറേഷൻ ഈടാക്കാറുള്ളത്. എന്നാൽ,​ കെട്ടിടങ്ങൾ ഒറ്റത്തവണ ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി യഥാർത്ഥ നികുതി മാത്രം ഇവരിൽ നിന്ന് ഈടാക്കാനാണ് കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. റീജിയണൽ ടൗൺ പ്ളാനിംഗ് ഓഫീസിലും കേരള തീരദേശ മാനേജ്മെന്റ് അതോറിട്ടിയിലും തീർപ്പാകാതെ കിടക്കുന്ന കേസുകൾക്കും ഇത് ബാധകമായിരിക്കും.

ഇത്തരത്തിലുള്ള നിരവധി പരാതികളടങ്ങിയ ഫയലുകൾ അടുത്തിടെ സോണൽ ഓഫീസുകളിലും പ്രധാന ഓഫീസുകളിലുമായി നടന്ന അദാലത്തിൽ കോർപ്പറേഷന്റെ പരിഗണനയ്‌ക്കായി വന്നിരുന്നു. നിയമവിരുദ്ധമായി നിർമ്മിച്ചതിനാൽ തന്നെ ഇത്തരം കെട്ടിടങ്ങൾക്ക് അനുമതി നൽകാനും കെട്ടിട നമ്പർ അനുവദിക്കാനും കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അനുവദനീയമായ പരിധിക്ക് പുറത്ത് നിർമ്മാണം നടത്തിയവയാണ് അപേക്ഷകളിൽ ഭൂരിഭാഗവും. ഇത്തരം കെട്ടിട നിർമ്മിതികൾക്ക് അംഗീകാരമില്ലാത്ത (അൺഓതറൈസ്‌ഡ് യു/എ)​ നമ്പർ നൽകി നികുതി പിരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.

സാധാരണ ഇത്തരം അനധികൃത നിർമ്മാണങ്ങൾക്ക് താൽക്കാലിക കെട്ടിട നമ്പർ നൽകുകയും സാധാരണ നികുതിയെക്കാൾ മൂന്നിരട്ടി തുക വാർഷിക നികുതിയായി ഈടാക്കുകയുമാണ് ചെയ്യാറുള്ളത്. 120 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകൾക്കാണ് സാധാരണ ഈ ഇളവ് അനുവദിക്കുക. ഭീമമായ തുക നികുതിയായി അടയ്‌ക്കാൻ കഴിവില്ലാത്തത് കണക്കിലെടുത്താണ് ഇത്തരത്തിൽ ഇളവ് നൽകുന്നത്.

കോർപ്പറേഷന്റെ അദാലത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും 60 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അനധികൃ‌തമായി ചെറിയ വീടുകൾ കെട്ടി താമസിക്കുന്നവരായിരുന്നു. ഇവരുടെ മേൽ അനധികൃത നിർമ്മാണത്തിന് മൂന്നിരിട്ടി പിഴ ചുമത്തുന്നത് മര്യാദയുള്ള നടപടി അല്ലെന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രത്യേക അനുമതി വേണം

ഇത്തരത്തിൽ നികുതി ഇളവ് നൽകണമെങ്കിൽ കോർപ്പറേഷന് സ്വന്തമായി തീരുമാനം കൈക്കൊള്ളാനാകില്ല. പകരം സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടിവരും. അതിനാൽ തന്നെ ഈ ഫയലുകൾ പ്രത്യേക അനുമതിക്കായി സർക്കാരിന്റെ പരിഗണനയ്‌ക്കായി അയയ്‌ക്കും. ഈ കെട്ടിടങ്ങളെല്ലാം തന്നെ വിവിധ ഭവന പദ്ധതികളുടെ ഭാഗമായി നിർമ്മിച്ചതായതിനാലാണിതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അനധികൃതമാണെങ്കിൽ കൂടി ഇവയെ ഗുരുതര വിഭാഗത്തിൽ പ്പെടുത്താനാകുകയുമില്ല.

സർക്കാരിൽ നിന്ന് അനുമതിയോ എതിർപ്പില്ലാരേഖയോ (എൻ.ഒ.സി)​ കാത്തുകിടക്കുന്ന 120 ചതുരശ്ര മീറ്ററിന് താഴെയുള്ള ഇത്തരം കെട്ടിടാനുമതി അപേക്ഷകളെല്ലാം കോർപ്പറേഷൻ ഏകീകരിച്ചു വരികയാണ്. ടൗൺ പ്ളാനിംഗ് ഓഫീസിൽ നടന്ന അദാലത്തിൽ ലഭിച്ച അപേക്ഷകളും ഇത്തരത്തിൽ ഏകീകരിക്കുന്നുണ്ട്. ഈ അപേക്ഷകളെല്ലാം അതത് സോണൽ ഓഫീസുകളിൽ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ഇതിനായി നോഡൽ ഓഫീസറെയും നിയമിക്കും.