വാസ്തുശാസ്ത്രപ്രകാരം തന്നെയായിരിക്കണം വീടുവയ‌്‌ക്കേണ്ടത്. അല്ലെങ്കിൽ കിട്ടുന്നത് എട്ടിന്റെ പണിയായിരിക്കുമെന്ന് ഉറപ്പ്. വീടിന്റെ സ്ഥാനം നോക്കുന്നതിൽ തുടങ്ങി വാതിലുകളും ജനാലകളും വയ്ക്കുന്ന കാര്യത്തിൽ വരെ വാസ്തുശാസ്ത്രം പറയുന്ന പ്രകാരം തന്നെ കാര്യങ്ങൾ ചെയ്യുന്നതാണ് നന്ന്. ഇല്ലെങ്കിൽ ഒരിക്കലും വിട്ടുമാറാതെ ദോഷങ്ങൾ പിന്തുടരും.
വീടിന്റെ പ്രധാന വാതിലിനുനേരെ ചില കാര്യങ്ങൾ ഉണ്ടാവരുതെന്നാണ് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്. പ്രധാനവാതിലിന് നേരേ മുൻവശത്തായി മരങ്ങൾ, കിണർ, റോഡിന്റെ അതിരുകൾ എന്നിവ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് തെറ്റിച്ചാൽ കൊടിയ ആപത്തായിരിക്കും ഫലം. അതുപാേലെ വായുവും വെളിച്ചവും തട്ടുംതടവും ഇല്ലാത്ത രീതിയിൽ വീടിനുള്ളിൽ പ്രവേശിക്കുന്ന രീതിയിൽ വാതിലുകളും ജനാലകളും സ്ഥാപിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
അടുക്കളുടെ കാര്യത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വീടിന് അഗ്നിഭീഷണിയും സാമ്പത്തിക നഷ്ടവുമായിരിക്കും ഫലം. അടുക്കളയുടെ മദ്ധ്യഭാഗത്ത് ഒരിക്കലും അടുപ്പുകൾ സ്ഥാപിക്കരുത്. അടുക്കളയുടെ ആകെ ഉള്ളളവിനെ നവഭാവങ്ങളാക്കി അതിൽ ഒരുഭാഗം മാറ്റിവേണം അടുപ്പുകൾ സ്ഥാപിക്കേണ്ടത്. അടുപ്പുകൾ തൃമൂർത്തീ സങ്കല്പമാണ്. അതിനാൽ മൂന്നെണ്ണം തന്നെവേണം. അടുക്കളയിൽ ഉള്ളത് ഒന്നോ രണ്ടോ അടുപ്പകളാണെങ്കിൽ വീടിനും വീട്ടുകാർക്കും ദോഷമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അതുപോലെ അടുക്കളയുടെ സ്ഥാനം വീട്ടിലെ മറ്റുമുറികളിൽ നിന്ന് താഴെയാവരുതെന്നതും നിർബന്ധമാണ്.