ശാരീരിക വിഷമതകൾക്ക് പുറമെ സ്‌ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാൽ സ്‌ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം. ചലനശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാൽ അടുത്ത ലക്ഷ്യം ജോലി ചെയ്യാൻ പ്രാപ്തമാക്കുന്ന ഫിസിയോതെറാപ്പിയാണ്. കിടപ്പിലായ രോഗികളിൽ ബെഡ് സോർ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചുകിടത്തേണ്ടതുണ്ട്.
നമ്മുടെ ചുറ്റുപാടിൽ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരം, സാധനങ്ങൾ കൈയെത്തിപ്പിടിക്കുക പോലുള്ള ദൈനംദിന പ്രവൃത്തികളിൽ സഹായിക്കുന്നു. എന്നാൽ, സ്‌ട്രോക്കിൽ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു.
അതിനാൽ, വീഴ്ചകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികൾ കിടക്കുന്ന മുറിയും അവർ ഉപയോഗിക്കുന്ന ബാത്റൂമും ഒരേ നിരപ്പിൽ അയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാത്രിയിൽ ആവശ്യമായ പ്രകാശവും ബാത്ത് റൂമിൽ വേണം. തട്ടിവീഴാൻ ഇടയാക്കുന്ന സാധനങ്ങൾ തറയിൽ നിന്ന് മാറ്റേണ്ടതുണ്ട്. തിരിയുമ്പോഴും കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോഴുമൊക്കെ ചലനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കൃത്യമായതും പാകമുള്ളതും കനം കുറഞ്ഞ സോളോട് കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകൾ വേണം ഉപയോഗിക്കാൻ.
ഭക്ഷണം ചെറുകഷണങ്ങളാക്കണം
പാനീയങ്ങൾ മോന്തികുടിക്കണം
സ്‌ട്രോക്ക് കാരണം ആശയവിനിമയത്തിൽ പ്രശ്നങ്ങളുണ്ടാകാം. ഇതിനു നല്ല രീതിയിലുള്ള സ്‌പീച്ച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താൻ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തിൽ വായിക്കുക, പേരുകൾ, ഗാനങ്ങൾ തുടങ്ങിയവ പലതവണ ആവർത്തിക്കുക, കാർഡുകൾ അല്ലെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ശീലിക്കാവുന്നതാണ്.
സ്‌ട്രോക്ക് രോഗികളിൽ ഭക്ഷണം വിഴുങ്ങന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഇത് ആഹാരം ശ്വാസനാളത്തിലേയ്ക്ക് പോകാനും അതിലൂടെ ആസ്പിരേഷൻ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങൾ കുറേശ്ശേയായി മോന്തികുടിക്കേണ്ടതുമാണ്. ഭക്ഷണം കഴിക്കുമ്പോൾ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാൻ പാടില്ല.
കുടുംബത്തിന്റെ പങ്ക് നിർണ്ണായകം
സ്‌ട്രോക്ക് കാരണം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓർമ്മക്കുറവ് എന്നിവ വരാനും സാദ്ധ്യതയുണ്ട്. കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം എടുക്കുക, ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ചെയ്യുന്നത് നന്നായിരിക്കും. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിന് പോകുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ഏകാഗ്രതയെ വീണ്ടെടുക്കാൻ സഹായിക്കും.
സ്‌ട്രോക്ക് വരുമ്പോൾ പലർക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്ന് തോന്നാറുണ്ട്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിന് കുടുംബത്തിന് കാര്യമായ പങ്കുണ്ട്. സ്വയം സമാധാനപ്പെടുക, എപ്പോഴും മുന്നോട്ടു പോവുകയും മറ്റുള്ളവരുമായി സമ്പർക്കത്തിലിരിക്കുകയും ചെയ്യുക. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ തേടുക. കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക. വിഷാദരോഗം മാറ്റുന്നതിന് വൈദ്യസഹായം തേടാൻ മടി കാണിക്കാതിരിക്കുക. മനസ്സിലാക്കുന്നവരോട് അനുഭവങ്ങൾ പങ്കുവയ്ക്കുക എന്നിവയൊക്കെ ഈ വിഷാദം മാറ്റാൻ സഹായിക്കും.
സ്‌ട്രോക്ക് വരാതിരിക്കാൻ...
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത് അത് വരാതെ നോക്കുന്നതാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കൃത്യമായി ഡോക്ടറുടെ നിർദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
ശരീരഭാരം കൂടാതെ നോക്കുക, കൃത്യ സമയത്ത് തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂർണ്ണമായി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കൽ ടി.ഐ.എ വന്ന രോഗികൾ ന്യൂറോളജിസ്റ്റിനെ കാണുകയും ഭാവിയിൽ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുമാണ്.
തലച്ചോറിലേയ്ക്കുള്ള രക്തധമനികളുടെ ഡോപ്ലർ സ്‌കാൻ ചെയ്യുന്നതിലൂടെ അതിൽ അടവുകൾ ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. അടവുകൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതാണ്.
വരും വർഷങ്ങളിൽ സ്‌ട്രോക്കിന്റെ ആധിക്യം കുറയ്ക്കുന്നതിനും അത് കാരണമുള്ള പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും കൂട്ടായ പരിശ്രമങ്ങൾക്കുള്ള നന്ദി കുറിക്കലാകട്ടെ ഈ പക്ഷാഘാത ദിനമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഡോ. സുശാന്ത്
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ്.യു.ടി ആശുപത്രി
പട്ടം, തിരുവനന്തപുരം
എസ്.യു.ടി സ്‌ട്രോക്ക് ഹെൽപ്പ് ലൈൻ നമ്പർ : 04714077888