pulsar-250f

ന്യൂഡൽഹി: ബജാജിന്റെ സ്പോർട്സ് മോഡൽ ബൈക്കായ പൾസറിന്റെ 250 സി സി ശ്രേണിയിലുള്ള മോഡലുകൾ നാളെ വിപണിയിൽ എത്തുന്നു. പൾസർ 250, പൾസർ 250 എഫ് എന്നിങ്ങനെ രണ്ട് മോഡലുകളിലായിട്ടാണ് ബജാജ് തങ്ങളുടെ പുത്തൻ വാഹനം വിപണിയിൽ എത്തിക്കുന്നത്. എഞ്ചിനടക്കമുള്ള കാര്യങ്ങളിൽ പഴയ പൾസറിൽ നിന്നും വമ്പൻ മാറ്റങ്ങളുമായാണ് പുതിയ മോഡലുകളെ ബജാജ് അവതരിപ്പിക്കുന്നത്.

ടീസറിൽ നിന്ന ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, 250 സി സി എയർ കൂൾഡ് എഞ്ചിനാണ് പൾസറിന് കരുത്ത് പകരുന്നത്. 26 പി എസ് പവറും 22 എൻ എം ടോർക്കും എഞ്ചിന് ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് സ്പീഡ് ഗിയർ ട്രാൻസ്മിഷനാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

pulsar-250

എഞ്ചിൻ കരുത്തിലും പെർഫോമൻസിന്റെ കാര്യത്തിലും പൾസറിന്റെ ഇരു മോഡലുകളും തമ്മിൽ വ്യത്യാസമൊന്നും വരുന്നില്ല. പുറമേ നിന്ന് കാണുന്ന ലുക്കിന്റെ കാര്യത്തിലാണ് ബജാജ് രണ്ട് മോഡലുകളിലും കാര്യമായ വ്യത്യാസം വരുത്തിയിട്ടുള്ളത്. പൾസറിന്റെ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന നിലയ്ക്ക് പൾസർ 250എഫ് തന്നെയാണ് ഡിസൈനിന്റെ കാര്യത്തിൽ മികച്ചു നിൽക്കുന്നത്. എൽ ഇ ഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, എൽ ഇ ഡി ഡി ആർ എൽ ഇൻഡിക്കേറ്ററുകൾ, സ്‌പ്ലിറ്റ് സീറ്റ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, റിയർ മോണോഷോക്ക്, അലോയ് വീൽ എന്നിവയാണ് ഈ വാഹനത്തിന്റെ ചില പ്രത്യേകതകൾ.

വാഹനത്തിന്റെ വില വിവരങ്ങൾ ബജാജ് ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പൾസർ 250ക്ക് വില 1.36 ലക്ഷവും പൾസർ 250 എഫിന് 1.45 ലക്ഷവും എക്സ് ഷോറൂം വിലയും വരാനാണ് സാദ്ധ്യത. രണ്ട് വിലയും പ്രചണാർത്ഥം മാത്രമായിരിക്കും. ആദ്യം വിറ്റഴിക്കപ്പെടുന്ന ചുരുക്കം ചില വാഹനങ്ങൾ മാത്രമായിരിക്കും ഈ വിലക്ക് ലഭിക്കുക. അതിനു ശേഷം രണ്ട് മോഡലുകളുടെ വിലയിലും വർദ്ധനവ് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.