തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ത്രീസ്റ്റാറും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകുന്നുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവില്പനയിൽ കുറവു വന്നിട്ടുണ്ട്. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞുവരികയാണ്. 2016- 17 സാമ്പത്തിക വർഷം 205.41 ലക്ഷം കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 150.13 ലക്ഷം കെയ്സ് ബിയറും വിറ്റിരുന്നു. 2020- 21 സാമ്പത്തിക വർഷം 187.22 ലക്ഷം കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 72.40 ലക്ഷം കെയ്സ് ബിയറുമാണ് വില്പന നടത്തിയത്. മദ്യശാലകൾ പൂട്ടുന്നതുകൊണ്ട് മദ്യ ഉപഭോഗം കുറയ്ക്കാൻ കഴിയുമെന്ന് കരുതുന്നില്ല.