nurse

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിനെ സ്കൂട്ടർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. സംഭവത്തിൽ നഴ്സിന് പരിക്കേറ്റു. ചേർത്തല പള്ളിപ്പുറം കേളമംഗലം വിനയ് ഭവനിൽ എസ് ശാന്തിക്കാണ് (34) പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ നെടുമ്പ്രക്കാട് സ്കൂളിനു സമീപമായിരുന്നു സംഭവം.

മൂന്നുതവണയാണ് സ്കൂട്ടർ കൊണ്ടിടിച്ചത്. ഇടിയേറ്റ് റോഡില്‍ വീണ ശാന്തിയെ സമീപത്തുണ്ടായിരുന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്ച അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് എക്സ് റേ എടുത്ത് പരിശോധിച്ചപ്പോൾ മുഖത്തെ എല്ലിന് പൊട്ടലുണ്ടെന്ന് വ്യക്തമായി. കാൽമുട്ടിനും പരിക്കുണ്ട്. സ്കൂട്ടർ ഓടിച്ചയാളെ പിന്തുടർന്ന് പിടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഹെല്‍മറ്റ് വച്ചിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാനും കഴിഞ്ഞില്ല. കേസെടുത്ത ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.