fftggf

കാസർകോട്: ആലംപാടി ബാഫഖി നഗർ കേന്ദ്രീകരിച്ച് നടന്ന റിയൽ എസ്റ്റേറ്റ് കച്ചവട തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി. ചൂരിയിലെ സി.എ. സത്താർ ഇടനിലക്കാരനും സ്ഥലം ഉടമകളുടെ പാർട്ണറായും അഭിനയിച്ച് 21.5 സെന്റ് സ്ഥലവും ഇവിടെ നിർമ്മിച്ച മൂന്നു വീടുകളുമാണ് വിൽപ്പന നടത്തിയത്. ഉളിയത്തടുക്ക സ്വദേശി സമീർ, മേൽപ്പറമ്പ് സ്വദേശി നസീർ, നെല്ലിക്കുന്ന് സ്വദേശി ഷാഫി എന്നിവർക്കാണ് സ്ഥലവും വീടും വിൽപ്പന നടത്തിയത്.

അവയിൽ സമീറിന്റെ ഭാര്യ മാതാവ് ബീഫാത്തിമയിൽ നിന്ന് 20 ലക്ഷം രൂപ കൈപ്പറ്റി വീട് താമസത്തിന് വിട്ടു നൽകി. ഇതേ നിലപാടാണ് സത്താർ മറ്റു രണ്ടുപേരോടും സ്വീകരിച്ചത്. ബീഫാത്തിമ നൽകിയ തുകയിൽ നിന്നും 18 ലക്ഷം രൂപയും, നസീറിന്റെ പണത്തിൽ നിന്ന് 7.5 ലക്ഷം രൂപയും, ഷാഫി നൽകിയ പണത്തിൽ നിന്ന് 10 ലക്ഷം രൂപയും തട്ടിയെടുത്തതായി സ്ഥല ഉടമകളുടെ ബന്ധുവായ ചൂരിയിലെ പി.സി. നൗഷാദ് പറഞ്ഞതോടെയാണ് റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ മൂവരും കുടുങ്ങിയത്.

ബന്ധുവായ ഉളിയത്തടുക്കയിലെ മൊയ്തു മുഖേനയാണ് സത്താറിൽ നിന്നും സമീറിന്റെ കുടുംബം ഏഴു സെന്റ് സ്ഥലവും, വീടും കച്ചവടം ഉറപ്പിച്ചത്. തട്ടിപ്പിൽ കുടുങ്ങിയ വിവരം മനസിലാക്കിയ ബീഫാത്തിമയും കുടുംബവും സത്താറിന്റെ വീടിന് മുന്നിൽ ഒരുമാസത്തോളം സമരം നടത്തിയിരുന്നു. തുടർന്ന് ബീഫാത്തിമ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് സത്താറിനെ അറസ്റ്റു ചെയ്യുകയും ഇയാൾ റിമാൻഡിൽ കഴിയുകയും ചെയ്‌തെങ്കിലും ബീഫാത്തിമക്കും കുടുംബത്തിനും സത്താർ തട്ടിയെടുത്ത തുക ഇതുവരെ ലഭിച്ചിട്ടില്ല. ബാക്കി നൽകാനുള്ള എട്ടു ലക്ഷം രൂപ നൽകാമെന്ന് നൗഷാദിനോട് ബീഫാത്തിമ പറഞ്ഞെങ്കിലും മുഴുവൻ തുകയും കിട്ടിയാൽ മാത്രമേ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കുകയുള്ളുവെന്ന നിലപാടാണ് നൗഷാദ് സ്വീകരിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഷാഫി ചട്ടഞ്ചാൽ, ഖാദർ പാലോത്ത്, സുബൈർ പടുപ്പ് തുടങ്ങിയവർ പറഞ്ഞു.

ബീഫാത്തിമയുടെ മകളുടെയും പേരക്കുട്ടിയുടെയും സ്വർണാഭരണങ്ങൾ വിറ്റു കിട്ടിയ ഇരുപത് ലക്ഷം രൂപയാണ് സത്താറിനെ മൊയ്തു മുഖേന ബീഫാത്തിമ ഏല്പിച്ചതെന്നും തുക സത്താർ തിരികെ നൽകുന്നില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്താറിന്റെ വീടിന് മുന്നിൽ വീണ്ടും സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്.

ബൈറ്റ്

പണമോ വീടോ തിരിച്ചു കിട്ടാതെ പിന്നോട്ടില്ല. ഇതിന്റെ പേരിൽ എന്ത് നഷ്ടം സംഭവിച്ചാലും വിടില്ല. എന്നെ പോലെ കുറെ പേരെ സത്താർ വഞ്ചിച്ചിട്ടുണ്ട്. ഏഴ് ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി വാട്‌സാപ്പുകളിൽ വ്യാജ പ്രചാരണം നടത്തി നാട്ടിൽ ഡി.ജെ. പാർട്ടി നടത്തി ആഘോഷിച്ചതായി അറിഞ്ഞിട്ടുണ്ട്. എനിക്ക് വീട് നൽകിയത് കൊണ്ടാണ് ജാമ്യം കിട്ടിയതെന്നാണ് വ്യാജ പ്രചാരണം നടത്തിയത്. അതുകൊണ്ടൊന്നും ഇയാൾ രക്ഷപ്പെടാൻ പോകുന്നില്ല.

ബീഫാത്തിമ നായന്മാർമൂല