attack

പാലക്കാട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനോട് കാണിച്ചത് കൊടുംക്രൂരത. മലപ്പുറം സ്വദേശി മുഹമ്മദ് ഫാസിലിനാണ് ഒറ്റപ്പാലത്തുവച്ച് ഇന്ന് രാവിലെ അപകടം സംഭവിച്ചത്. പണം തിരികെ ചോദിച്ചതിന് ചുനങ്ങാട് സ്വദേശിയായ ഉസ്‌മാൻ കാറിടിച്ച് മുഹമ്മദ് ഫാസിലിനെ അപായപ്പെടുത്താൻ ശ്രമിച്ചു. ഇടിയേ‌റ്റ് കാറിനുമുന്നിൽ കുടുങ്ങിയ ഫാസിലിനെയും കൊണ്ട് ഉസ്‌മാൻ രണ്ട് കിലോ‌മീ‌റ്ററോളം കാറോടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബോണ‌റ്റിൽ ഇരിക്കുന്ന ഫാസിലിനെയും കൊണ്ട് പായുന്ന കാറാണ് ദൃശ്യങ്ങളിലുള‌ളത്. ഉസ്‌മാനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ഫാസിലിൽ നിന്നും 75,000 രൂപയാണ് ഉസ്‌മാൻ കടം വാങ്ങിയിരുന്നത്. ഇത് തിരികെ നൽകണമെന്ന് പലപ്രാവശ്യം ഫാസിൽ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കാറിൽ വരികയായിരുന്ന ഉസ്‌മാനെ തടഞ്ഞുനിർ‌ത്തി പണം ചോദിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫാസിലിനെ കാറുകൊണ്ട് ഇടിച്ച് ഒ‌റ്റപ്പാലം പൊലീസ് ‌സ്‌റ്റേഷന് സമീപം വരെ ഓടിച്ചുകൊണ്ടിട്ടത്. ഫാസിലിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു.