shami

ന്യൂഡൽഹി : ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഫേസ്ബുക്ക് പേജിൽ വർഗീയ കമന്റുകൾ പ്രവഹിച്ചതിന് പിന്നിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഗൂഡാലോചനയെന്ന് സംശയം മുറുകുന്നു. ഇന്ത്യക്കാർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ട് വ്യാജ പ്രൊഫൈലുകളിൽ നിന്നാണ് ഷമിയെ പാക് ചാരനെന്ന് ആക്ഷേപിക്കുന്ന കമന്റുകൾ വന്നത്. ഇത് വിവാദമായതോടെ രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖർ സോഷ്യൽ മീഡിയയിൽ ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു.

മുമ്പ് ഷമി തന്റെ ഭാര്യയുടെ ശിരോവസ്ത്രം ധരിക്കാത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ നിരവധി അധിക്ഷേപ കമന്റുകൾ ഏറ്റുവാങ്ങിയിരുന്നു. അന്ന് ഐ.എസ്.എെ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നാണ് അത്തരത്തിലുള്ള കമന്റുകൾ പ്രവഹിച്ചിരുന്നത്.ഷമിയെ ഇന്ത്യാ വിരുദ്ധനായി ചിത്രീകരിച്ചുകൊണ്ടുള്ള കമന്റുകൾ ഇത്തരം ഹാൻഡിലുകളും പ്രചരിപ്പിക്കുന്നുണ്ട്. ഇതോടെയാണ് ഇന്ത്യക്കാർക്കിടയിൽ വർഗീയത പടർത്താൻ ഉന്നമിട്ട് ഐ.എസ്.ഐ പടച്ചുവിട്ട തന്ത്രമായിരുന്നു ഇതെന്ന് സംശയമുയർന്നത്.