mk-stalin-pinarayi

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു. കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്സ് ആക്കിയിട്ടുണ്ട്. ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ പ്രതികരിച്ചു.

ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിൻ കത്തിൽ അറിയിച്ചു. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി അറിയിച്ചു.