ദുബായ്: ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020ലും ശക്തമായ സാന്നിദ്ധ്യമായി ഇന്ത്യ. ഇന്ത്യൻ പവലിയനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എക്‌സ്‌പോ തുടങ്ങി ആദ്യ 25 ദിവസത്തിനിടയില്‍ 1,28,000 പേരാണ് ഇന്ത്യ ഒരുക്കിയ പവലിയനില്‍ ത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എക്‌സ്‌പോ പ്രദര്‍ശനം ആരംഭിച്ച ഒക്ടോബര്‍ ഒന്നു മുതല്‍ 25 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം. എക്‌സ്‌പോയുടെ രത്‌ന കിരീടമായി ഇന്ത്യന്‍ പവലിയന്‍ ഇതിനകം മാറിക്കഴിഞ്ഞതായും എക്‌സ്‌പോയിലെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയതും എത്രയും കൂടുതല്‍ പേര്‍ക്ക് ഇഷ്ടമായതുമായ പവലിയനാണ് ഇന്ത്യയുടേതെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. പുതിയ ഇന്ത്യയെ കുറിച്ച് ജനങ്ങളിലുള്ള വലിയ താല്‍പര്യമാണ് സന്ദര്‍ശകരുടെ ബാഹുല്യത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും പവലിയനിലെ സന്ദര്‍ശകര്‍ ഒരു ലക്ഷം കടന്ന വിവരം ട്വീറ്റ് ചെയ്തു. മൂന്നാഴ്ചയിലാണ് ഒരു ലക്ഷം സന്ദര്‍ശകരെന്ന നാഴികക്കല്ല് ഇന്ത്യന്‍ പവലിയന്‍ പിന്നിട്ടത്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രദര്‍ശനമാണ് എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ നേട്ടങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും രാജ്യത്തെ നിക്ഷേപ സാധ്യതകളും ഇതില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നവരാത്രി, ദസറ തുടങ്ങിയ ആഘോഷ വേളകളില്‍ പതിനായിരങ്ങളാണ് സന്ദര്‍ശകരായി എത്തിയത്. എല്ലാ വൈകുന്നേരങ്ങളിലും നടക്കുന്ന കലാ, സംഗീത പരിപാടികള്‍ ആസ്വദിക്കുന്നതിനായാണ് നിരവധി പേര്‍ ഇവിടെ എത്തുന്നത്. സ്‌പേസ് ടെക്‌നോളജി, ജല സുരക്ഷ, ടൂറിസം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സെമിനാറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. സിനിമാ, കായിക താരങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികളും ഇവിടെ സന്ദര്‍ശകരായി എത്തിയിരുന്നു. ദീപാവലിക്ക് സന്ദര്‍ശകരുടെ വന്‍ തിരക്കാണ് പവലിയനില്‍ പ്രതീക്ഷിക്കുന്നത്.
നാല് നിലകളിലായി നിര്‍മ്മിച്ചിട്ടുള്ള ഇന്ത്യന്‍ പവലിയന്‍ ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ 'മുന്നേറുന്ന ഇന്ത്യ' എന്ന പ്രമേയത്തിലാണ് പവലിയന്‍ ഒരുക്കിയിരിക്കുന്നത്. അറുന്നൂറോളം ബ്ലോക്കുകളിലായി ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പവലിയന്റെ ഒരുക്കിയിരിക്കുന്നത്.