kk

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധന സഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു . കാലവർഷക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം സഹായം ധനം നൽകാനും ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി

പുറംപോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്ക് 10 ലക്ഷം രൂപ നല്‍കും.പ്രകൃതിക്ഷോഭത്തില്‍ 15 ശതമാനത്തില്‍ അധികം തകര്‍ച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉള്‍പ്പെടെയുള്ള വീടുകളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും.

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ കൊല്ലം സ്വദേശി എച്ച്. വൈശാഖിന്‍റെ കുടുംബം വീടുനിര്‍മ്മാണത്തിനായി എടുത്ത 27.5 ലക്ഷം രൂപ ബാങ്ക് വായ്പയില്‍ അടയ്ക്കാന്‍ ബാക്കിയുള്ള തുകയില്‍ സൈനികക്ഷേമ വകുപ്പില്‍ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കാന്‍ തീരുമാനിച്ചു. വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനില്‍ സന്തോഷിന്‍റെ ഭാര്യ റംല, ശരത് ഭവനില്‍ ശ്യാംകുമാര്‍ എന്നിവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. സന്തോഷ് റംല ദമ്പതികളുടെ മൂന്ന് പെണ്‍മക്കളെയും ശ്യാംകുമാറിന്‍റെ രണ്ട് മക്കളെയും സ്നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സന്തോഷ്- റംല ദമ്പതികളുടെ കുട്ടികള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച് നല്‍കുവാനും തീരുമാനിച്ചു.