doctor-krishnan-nair

തിരുവനന്തപുരം: പ്രശസ്ത അർബുദരോഗ വിദഗ്ദ്ധൻ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു.81 വയസായിരുന്നു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിൽവച്ചായിരുന്നു അന്ത്യം.

തിരുവനന്തപുരം ആർ സി സി സ്ഥാപക ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറായിരുന്നു.

1939ൽ പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി ജനിച്ചു. 1965 ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം ബി ബി എസ് ബിരുദം നേടി. പഞ്ചാബ് സർവകലാശാലയിലും, ലണ്ടനിലുമായിട്ടായിരുന്നു ഉപരിപഠനം പൂർത്തിയാക്കിയത്.

1981-ൽ ആർ സി സിയിൽ കൃഷ്‌ണൻ നായരുടെ ശ്രമഫലമായി രാജ്യത്താദ്യമായി കുട്ടികൾക്കായുള്ള കാൻസർ ചികിത്സാ വിഭാഗം ആരംഭിച്ചു.കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.