കേരളത്തിൽ കാൻസർ രോഗ ചികിത്സയ്ക്ക് അടിസ്ഥാനമിടുക മാത്രമല്ല രാജ്യത്തിനുതന്നെ അഭിമാനമാകുംവിധം റീജണൽ കാൻസർ സെന്റർ ( ആർ.സി.സി ) എന്ന മഹത്തായ സ്ഥാപനം പടുത്തുയർത്തിയ സാരഥിയുമായിരുന്നു ഇന്നു പുലർച്ചെ തിരുവനന്തപുരത്ത് അന്തരിച്ച ഡോ.എം.കൃഷ്ണൻനായർ. കാൻസറിനെതിരെ പടപൊരുതിയ അദ്ദേഹത്തിന്റെ വിയോഗം കാൻസർ ബാധിതനായിട്ടായിരുന്നുവെന്നത് ദു:ഖത്തോടെ മാത്രമെ ഓർമ്മിക്കാൻ കഴിയുകയുള്ളു.കഴിഞ്ഞ കുറേക്കാലമായി അദ്ദേഹം രോഗബാധിതനായിരുന്നു.
ക്ളിനിക്കൽ ഓങ്കോളജിയിൽ എം.ഡി പൂർത്തിയാക്കിയ കൃഷ്ണൻനായർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗത്തിൽ ചേരുകയും തുടർന്ന് കാൻസർ ചികിത്സാ വിഭാഗത്തിന് അവിടെ തുടക്കം കുറിക്കുകയും ചെയ്തു.ആർ.സി.സി സ്ഥാപിക്കുകയെന്നത് കൃഷ്ണൻനായരുടെ ആശയമായിരുന്നു.അന്നത്തെ മുഖ്യമന്ത്രിമാരായ കെ.കരുണാകരന്റെയും ഇ.കെ.നായനാരുടെയുമൊക്കെ പിന്തുണയും ലഭിച്ചതോടെ കർമ്മോത്സുകനായ കൃഷ്ണൻ നായർ ജീവിതം തന്നെ അതിനായി സമർപ്പിക്കുകയായിരുന്നു. ആർ.സി.സി സ്ഥാപിച്ചപ്പോൾ അദ്ദേഹം ആവിഷ്ക്കരിച്ച കാൻസർ കെയർ ഫോർ ലൈഫ് എന്ന പദ്ധതി രോഗബാധിതരായ പാവപ്പെട്ടവർക്കും മധ്യവർഗ്ഗക്കാർക്കും വലിയ ആശ്വാസമായി മാറി.100 രൂപയടച്ച് ചേരുന്നവർക്ക് ആജീവനാന്ത ചികിത്സാ സഹായം നൽകുന്ന പദ്ധതിയായിരുന്നു അത്.കാൻസർ രോഗം ഗൗരവമായി കാണേണ്ട ഒന്നാണെന്ന് കൃഷ്ണൻനായർ കേരളത്തെ പഠിപ്പിച്ചു. സ്തനാർബുദത്തിനെതിരെ സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിലും അദ്ദേഹം വിജയിച്ചു.
ആർ.സി.സിയിലിരിക്കെ ഹോപ്കിൻസ് സർവകലാശാലയുമായി ചേർന്ന് ഗവേഷണത്തിന് മുതിർന്നതിനെതിരെ ചിലർ നടത്തിയ കുപ്രചാരണങ്ങൾ കൃഷ്ണൻനായരെ മാനസികമായി തളർത്തിയിരുന്നു.അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ വിശുദ്ധി സംരക്ഷിക്കപ്പെടുകതന്നെ ചെയ്തു.എന്നാൽ ആ വിവാദത്തിന്റെ പിന്നാമ്പുറം ചികയുമ്പോൾ ചില വ്യക്തികൾക്ക് കാൻസർ ചികിത്സാ രംഗത്ത് പേരെടുക്കാൻ നടത്തിയ ചില നീക്കങ്ങളുടെ ഭാഗമായിരുന്നു അതെന്ന് വ്യക്തമാകും.ഇന്ത്യൻ കാൻസർ ചികിത്സാ ഉപദേശക സമിതിയിൽ അംഗമായ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
രോഗപ്രതിരോധത്തിന് കൃത്യമായ വ്യായാമം അത്യന്താപേക്ഷിതമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ആളായിരുന്നു കൃഷ്ണൻനായർ.തിരുവനന്തപുരത്തെ മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിനെത്തുന്നവർക്ക് കൃഷ്ണൻനായരും സുഹൃുദ് സംഘവും ആവേശത്തോടെ നടക്കുന്നത് പതിവ് കാഴ്ചയായിരുന്നു. ഏതാനും വർഷം മുമ്പുവരെ തലസ്ഥാനത്തെ പൊതുജീവിതത്തിലും സജീവസാന്നിദ്ധ്യമായിരുന്നു.
കാൻസർബാധിതയായി അകാലത്തിൽ മകളുടെ വേർപാട് സംഭവിച്ചതും കൃഷ്ണൻനായരെ ഏറെ വിഷാദത്തിലാഴ്ത്തിയിരുന്നു.മരുമകനായ രവീന്ദ്രനും പേരക്കുട്ടിക്കുമൊപ്പം കുറെക്കാലം ഡൽഹിയിൽ അതിനുശേഷം താമസിച്ചിരുന്നു.ഇന്ത്യയുടെ ഡെപ്യൂട്ടി സി ആൻഡ് എ.ജിയായി രവീന്ദ്രൻ ഈയിടെയാണ് സർവീസിൽ നിന്ന് വിരമിച്ചത്.കേരളത്തിലും അക്കൗണ്ടന്റ് ജനറലായി രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.
വളരെ സ്നേഹസമ്പന്നനായിരുന്നു കൃഷ്ണൻനായർ.വ്യക്തിപരമായ സൗഹൃദങ്ങൾക്കെന്നും വിലകൽപ്പിച്ചിരുന്നു.ആർ.സി.സിയിൽ പ്രവർത്തിക്കുമ്പോഴും പിന്നീട് പട്ടം എസ്.യു.ടി ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിന് ചുക്കാൻപിടിക്കുമ്പോഴും അദ്ദേഹവുമായി കേരളകൗമുദി ലേഖഖൻ എന്ന നിലയിൽ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.എസ്.യു.ടി യിൽ കൃഷ്ണൻനായരുടെ നേതൃത്വത്തിലായിരുന്നു നടി ശ്രീവിദ്യ കാൻസറിന് ചികിത്സ തേടിയിരുന്നത്.
മകളുടെ മരണശേഷം തിരുവനന്തപുരത്ത് ഇലങ്കം ഗാർഡൻസിലെ വസതിയിൽ കൃഷ്ണൻനായരെ സന്ദർശിച്ചിരുന്നു.ആർ.സി.സിയിലെ പഴയകാലത്തക്കുറിച്ച് സംസാരിക്കാൻ താത്പ്പര്യം ഉണ്ടോയെന്നു ഇതെഴുതുന്നയാൾ ചോദിച്ചപ്പോൾ തുടർച്ചയായി സംസാരിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞതോർക്കുന്നു.കൃഷ്ണൻനായരുടെ വേർപാട് കേരളത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്. സമൂഹത്തിന് കൃഷ്ണൻനായർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. കാലം അതെന്നും ഓർമ്മിക്കുകതന്നെ ചെയ്യും.