കെ റെയിൽ വിഷയത്തിൽ സി പി എം പ്രചരണങ്ങൾക്കെതിരെ വി ടി ബൽറാം. 65000 കോടി ചെലവ് വരുമെന്ന് പിണറായി സർക്കാരും, 1,25,000 കോടി വേണ്ടി വരുമെന്നാണ് നീതി ആയോഗും പറയുന്നത്. എന്നാൽ ഈ പദ്ധതി പൂർത്തിയാവുമ്പോൾ രണ്ട് ലക്ഷം കോടിയെങ്കിലും ആകുമെന്ന് വിലയിരുത്തലുകൾ ഉണ്ടെന്നും വി ടി ബൽറാം ആരോപിക്കുന്നു. കെ റെയിൽ പദ്ധതി ന്യായീകരിക്കുന്നവരെ മുൻ അമേരിക്കൻ പ്രസിഡന്റെ് ജോർജ് ബുഷിന്റെ വാക്കുകൾ കൊണ്ടാണ് വി ടി ബൽറാം ഉപമിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നിങ്ങൾ ഒന്നുകിൽ ഞങ്ങളോടൊപ്പമാണ്,
അല്ലെങ്കിൽ നിങ്ങൾ ശത്രുപക്ഷത്താണ്.
കെ-റെയിൽ വിഷയത്തിൽ ഇന്നലെത്തൊട്ട് സിപിഎം ന്യായീകരണ ഫാക്ടറി പുറത്തിറക്കി പ്രചരിപ്പിക്കുന്ന പുതിയ ക്യാപ്സ്യൂൾ കേട്ടപ്പോൾ ഓർമ്മ വരുന്നത് ജോർജ് ബുഷ് എന്ന യുദ്ധക്കൊതിയനെയാണ്.
65000 കോടി ചെലവ് വരുമെന്ന് പിണറായി സർക്കാർ പറയുന്ന, 1,25,000 കോടി വേണ്ടി വരുമെന്ന് മോഡി സർക്കാരിന്റെ നീതി ആയോഗ് പറയുന്ന, പൂർത്തിയാവുമ്പോൾ രണ്ട് ലക്ഷം കോടിയെങ്കിലും ആകുമെന്ന് സാമാന്യബോധമുള്ള ജനങ്ങൾ പറയുന്ന ഒരു വമ്പൻ പദ്ധതി, നിത്യവൃത്തിക്ക് ഗതിയില്ലാത്ത ഒരു സംസ്ഥാനത്തിന്റെ മുതുകത്ത് എടുത്തുവച്ച് അതിൽ നിന്ന് കമ്മീഷനടിക്കാനുള്ള സിപിഎം ആർത്തിപ്പരിഷകളുടെ ആക്രാന്തത്തിന് ന്യായീകരണം ചമയ്ക്കാൻ ഇതുപോലുള്ള ബൈനറികൾ പോരാതെ വരും എന്ന് ഈ 'ആസ്ഥാന ബുദ്ധിജീവി' വിദൂഷകർക്ക് മനസ്സിലാകാത്തതാവില്ല, വയറ്റിപ്പിഴപ്പിന്റെ ഭാഗമായി അവർ ഈ ചാപ്പയടി ഒന്നു ശ്രമിച്ചുനോക്കുന്നത് മാത്രമാണ്.
കെ-റെയിൽ എന്ന ദുരന്തപദ്ധതിക്കും അതിനേക്കാൾ വലിയ രാഷ്ട്രീയ ദുരന്തങ്ങൾക്കും ഇടയിൽ കേരളത്തിന് യുക്തിസഹമായി ചിന്തിക്കാൻ ഒരുപാട് ഇടം ബാക്കിയുണ്ട്.