തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധ പരിപാടി സംഘടിപ്പിച്ച യു ഡി എഫിനെയും ബി ജെ പിയേയും രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. കെ റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഇവരൊക്കെ തന്നെയായിരിക്കുമെന്നും, ഇത് വെറും ഇടതുപക്ഷ വിരോധം മാത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ രംഗത്തെത്തിയത്. തങ്ങൾക്ക് വികസനം വേണമെന്നും, ലോകത്തിനൊപ്പം വേഗം ഓടണമെന്നും അദ്ദേഹം കുറിച്ചു. വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നവരോടൊപ്പം മാത്രമേ കേരളം നിൽക്കുവെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വിരുദ്ധ രാഷ്ട്രിയ കക്ഷികൾ ജനകിയ പ്രശ്നങ്ങൾക്ക് വേണ്ടി ഒന്നിച്ചിരിക്കുന്നത് തെറ്റല്ല...പക്ഷെ ജനവിരുദ്ധമായ വികസന വിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ വികസനം കൊതിക്കുന്ന കേരളിയ ജീവിതം നിങ്ങൾക്ക് മാപ്പ് തരില്ല...ഇതാണ് നിങ്ങളുടെ പ്രതിരോധമെങ്കിൽ പ്രതിപക്ഷമില്ലാത്ത പ്രതീക്ഷയില്ലാത്ത നിയമസഭയായിമാറും വരാനിരിക്കുന്ന കേരള നിയമസഭ...
പ്രതിപക്ഷത്തെ ബഹുമാനിക്കുന്ന നിയമസഭയിൽ നിറയെ പ്രതിപക്ഷ അംഗങ്ങൾ ഇരുന്ന് കാണാൻ ആഗ്രഹിക്കുന്ന കേരള ജനത നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതല്ല ...അവരുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നവരോടൊപ്പം മാത്രമേ കേരളം നിൽക്കു...
നിങ്ങൾക്ക് താമസിക്കാൻ സർക്കാർ ചിലവിൽ എം എൽ എ ക്വാർട്ടേഴ്സുകളും പാർട്ടി ഓഫീസുകളും ഉണ്ടാവും...ഇതൊന്നുമില്ലാത്ത സാധരണക്കാർക്ക് ഒരു മണിക്കൂർകൊണ്ടും നാലു മണിക്കൂർകൊണ്ടും കേരളത്തിന്റെ അങ്ങേതല മുതൽ ഇങ്ങേതല വരെ യാത്ര ചെയേണ്ടതുണ്ട്...മാറുന്ന കാലത്തിനൊപ്പം ജീവിതം നിലനിർത്തേണ്ടതുണ്ട്...കെ.റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള നിങ്ങൾ ഓരോരുത്തരും ആയിരിക്കും എന്ന തികഞ്ഞ ബോധ്യത്തോടെ ഒരു സത്യം പറയട്ടെ...ഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്...ഞങ്ങൾക്ക് കെ.റെയിൽ വേണം...വികസനം വേണം...പുതിയ ലോകത്തിനൊപ്പം വേഗത്തിൽ ഓടണം...