മുംബയ്: മദ്യം വാങ്ങാൻ പത്തുരൂപ നൽകാത്തതിൽ പ്രകോപിതനായി അമ്പതുകാരനെ സുഹൃത്തുക്കൾ തലയ്ക്കടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് ക്രൂര കൊലപാതകം അരങ്ങേറിയത്. ഭഗവത് സീതാറാം ഫേസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുക്കളായ വിനോദ് ലക്ഷ്മണ്‍ വാങ്കഡേ, ദിലീപ് ത്രയംബക് ബോഡേ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പൊലീസ് പറയുന്നത്: മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരുമിച്ച് മദ്യശാലയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം നടന്നത്. മിക്കപ്പോഴും ഇവർ ഷെയറിട്ടാണ് മദ്യം വാങ്ങിയിരുന്നത്. പതിവുപോലെ മദ്യം വാങ്ങാൻ പത്തുരൂപ നൽകണമെന്ന് ലക്ഷ്മണും ദിലീപും ഭഗവതിനോട് ആവശ്യപ്പെട്ടു. എന്നാൽ പണം തരാനാവില്ലെന്ന നിലപാടിലായിരുന്നു അയാൾ. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ ഭഗവത് തയ്യാറായില്ല.ഇതാേടെ മൂവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. .ഇതിൽ പ്രകോപിതനായി മദ്യശാലയിൽ നിന്ന് പുറത്തേക്കിറങ്ങിയ ഭഗവതിനെ ഇരുവരും ചേർന്ന് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ഭഗവതിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.