snake

തൃശൂർ: തൃപ്രയാറിൽ മതിൽ പണിയാനെത്തിയ അന്യസംസ്ഥാന തൊഴിലാളി മൂർഖന്റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മേൽ തൃക്കോവിൽ ശിവക്ഷേത്രത്തിനു സമീപം കിഴക്ക് വെള്ളാം പറമ്പിൽ സുമന വിജയന്റെ വീട്ടിലാണ് സംഭവം നടന്നത്. വർഷങ്ങളായി ഉപയോഗിക്കാതിരുന്ന ബൈക്കിനടിയിലെ പലക മാറ്റിയപ്പോഴാണ് ആറടി നീലമുള്ള മൂർഖനെ കണ്ടത്. മൂർഖൻ കൊത്താൻ വേണ്ടി ആഞ്ഞെങ്കിലും പലകയിൽ കൊത്തുകൊള്ളുകയായിരുന്നു. ഇതിനിടയിൽ തൊഴിലാളി രക്ഷപ്പെട്ടു. ചുറ്റും ആൾക്കൂട്ടം കണ്ട് ഭയന്ന മൂർഖൻ നേരത്തേ വിഴുങ്ങിയിരുന്ന രണ്ട് പെരുച്ചാഴികളെ ഛർദ്ധിച്ചുകളഞ്ഞ ശേഷം സമീപത്തെ പൊത്തിലേക്ക് ഇഴഞ്ഞു പോയി.

തളിക്കുളം അനിമൽ സ്ക്വാഡ് പ്രവർത്തകരെത്തി പൊത്ത് തകർത്തതോടെ പാമ്പ് ഫണം വിരിച്ച് ചീറ്റിയെത്തി. ഉടൻ സ്ക്വാഡ് പ്രവർത്തകരായ പി.ആർ.രമേഷ്, കെ.കെ.സൈലേഷ്,മനോജ് പെടാട്ട്, അയ്യപ്പൻ അന്തിക്കാട് എന്നിവർ ചേർന്ന് പാമ്പിനെ പിടികൂടി. സുമനയുടെ മകനും ഫോട്ടോഗ്രാഫറുമായിരുന്ന സച്ചി ഉപയോഗിച്ചിരുന്ന ബൈക്കായിരുന്നു അത്. അപകടത്തിൽ സച്ചി മരണപ്പെട്ടതോടെ വർഷങ്ങളായി ബൈക്ക് വീടിനു പുറകുവശത്തായി സൂക്ഷിക്കുകയായിരുന്നു.