ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ നിന്ന് വിരമിച്ച പ്രൊഫസർ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അനാരോഗ്യം മൂലം കൂടുതൽ സമയവും കിടക്കയിൽ കഴിയേണ്ടി വരുന്നതിൽ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഡൽഹി ഗോവിന്ദ് പുരിയിലാണ് സംഭവം. രാകേഷ് കുമാർ ജയിൻ( 74), ഭാര്യ ഉഷ രാകേഷ് കുമാർ ജയിൻ(69) എന്നിവരെയാണ് ഗോവിന്ദ് പുരിയിലെ വീടിനുള്ളിലെ സ്റ്റീൽ പൈപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ ഗോണ്ടയിലേയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഇരുവർക്കും നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതേതുടർന്ന് കൂടുതൽ സമയവും കിടക്കയിൽ ചെലവഴിക്കേണ്ടി വരുന്നതിൽ മടുത്തിട്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ദമ്പതികൾ തങ്ങളുടെ ആത്മഹത്യാകുറിപ്പിൽ എഴുതിയിരുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാതാപിതാക്കൾ മരിച്ചതായി മകൾ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു എന്ന് ഡൽഹി പൊലീസ് വെളിപ്പെടുത്തി.
പരിചാരകനായ അജിത്ത് ദമ്പതികൾ താമസിക്കുന്ന വീട്ടിലെ കതകിൽ നിരവധി തവണ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതോടെ മകൾ അങ്കിതയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ വീട്ടിലത്തിയ അങ്കിതയും അജിത്തും പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. വാഹനാപകടത്തിൽ രാകേഷ് ജയിനിന് നട്ടെല്ലിന് പരിക്കേൽക്കുകയും, ഭാര്യയ്ക്ക് ഒന്നിലധികം ഒടിവുകൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏറെ നാളായി ഇരുവരും കിടപ്പിലായിരുന്നു.