കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടെന്ന് ഡി ജി പി. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാൻ ലക്ഷ്മണ ശ്രമിച്ചെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. മോൻസണിന്റെ മ്യൂസിയത്തിൽ പോയത് പുരാവസ്തുക്കൾ കാണാനാണെന്നും, ഈ സമയത്ത് ഇന്റലിജൻസ് റിപ്പോർട്ടുകൾ വന്നിരുന്നില്ലെന്നും ബെഹ്‌റ മൊഴി നൽകി.
മോൻസണെ രക്ഷിക്കാൻ ട്രാഫിക് ഐജി ലക്ഷ്മണ ഇടപെട്ടുവെന്ന കാണിക്കുന്ന രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ ലോക്‌നാഥ് ബെഹ്‌റയ്‌ക്കൊപ്പം നിൽക്കുന്ന മോൻസണിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.