പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കി ബാഴ്സലോണ
നടപടി റയോ വയ്യക്കാനോയ്ക്ക് എതിരായ തോൽവിക്ക് പിന്നാലെ
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ തോൽവികൾ തുടർക്കഥയാക്കിയ ബാഴ്സലോണ മുഖ്യ പരിശീലകൻ റൊണാൾഡ് കൂമാനെ തത്സ്ഥാനത്തുനിന്ന് പുറത്താക്കി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയോ വയ്യക്കാനോയോടു തോറ്റതിന് പിന്നാലെയാണ് പരിശീലകന്റെ പണി പോയത്.
സ്ട്രൈക്കർ മെംഫിസ് ഡെപേയ് പെനൽറ്റി നഷ്ടമാക്കി വില്ലനായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയോ വയ്യക്കാനോ ബാഴ്സയെ അട്ടിമറിച്ചത്. ഈ തോൽവിയോടെ 10 കളികളിൽനിന്ന് 15 പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പലതവണ കപ്പുയർത്തിയ ബാഴ്സ. യുവേഫ ചാമ്പ്യൻസ് ലീഗിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു തോൽവികൾ വഴങ്ങിക്കഴിഞ്ഞു.
1989 മുതൽ 1995 വരെ ബാഴ്സയുടെ താരമായിരുന്നു ഡച്ചുകാരനായ കൂമാൻ.1992ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാർസയുടെ വിജയഗോൾ നേടിയത് കൂമാൻ. ബാഴ്സയുടെ പരിശീലക സ്ഥാനത്തെത്തിയിട്ട് ഒരു വർഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ്പുറത്തായത്. 2020 ആഗസ്റ്റിൽ മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവാണ് കൂമാനെ പരിശീലകനായി നിയോഗിച്ചത്.
ചാവി വരും, തത്കാലം ബർയുവാൻ
ബാഴ്സലോണയുടെ ഇതിഹാസ താരം കൂടിയായ മുൻ സ്പാനിഷ് മിഡ്ഫീൽഡർ ചാവി ഹെർണാണ്ടസ് കൂമാന്റെ പകരക്കാരനാകുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും താത്കാലിക കോച്ചായി സെർജി ബർയുവാനെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്ളബ്. ബാഴ്സലോണ ബി ടീമിന്റെ പരിശീലകനാണ് ബർയുവാൻ. ഇപ്പോൾ ഖത്തർ ക്ലബ് അൽ സാദിനെ പരിശീലിപ്പിക്കുന്ന ചാവി അവിടവുമായുള്ള കരാർ കഴിഞ്ഞാലുടൻ ബാഴ്സയിലെത്തുമെന്നാണ് സൂചന.
പുറത്തേക്കുള്ള വഴി
ഹോളണ്ട് ദേശീയ ടീമിന്റെയും ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ എവർട്ടൻ, സതാംപ്ടൺ ടീമുകളുടെയും കോച്ചായിരുന്ന 58കാരനായ കൂമാന് കഴിഞ്ഞ സീസണിൽ ബാഴ്സയെ ലാ ലിഗയിൽ മൂന്നാം സ്ഥാനത്ത് എത്തിക്കാനേ സാധിച്ചിരുന്നുള്ളൂ.
ഇതിഹാസ താരം ലയണൽ മെസി ഈ സീസണിന്റെ തുടക്കത്തിൽ ക്ലബ് വിട്ടതാണ് കൂമാന് കനത്ത തിരിച്ചടിയായത്.
കൂമാൻ ചുമതലയേൽക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയായിരുന്നു ക്ലബ്. അതുകൊണ്ടുതന്നെ മികച്ച താരങ്ങളെ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
ബാർസ ഫ്രീ ട്രാൻസ്ഫറിൽ മെംഫിസ് ഡെപേയ്, സെർജിയോ അഗ്യൂറോ, എറിക് ഗാർഷ്യ തുടങ്ങിയവരെയാണ് ടീമിലെത്തിച്ചത്. ലൂക് ഡി യോംഗിനെ വായ്പാടിസ്ഥാനത്തിൽ സെവിയ്യിൽനിന്നുമെത്തിച്ചു.
തോറ്റ ചരിത്രമേ കേട്ടിട്ടുള്ളൂ
കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോയിൽ സ്വന്തം തട്ടകത്തിൽ റയൽ മാഡ്രിഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബാഴ്സ തോറ്റിരുന്നു. ഇതിനു പിന്നാലെയാണ് റയോ വയ്യക്കാനോയോടുള്ള തോൽവി. ഇത് കഴിഞ്ഞ നാലു മത്സരങ്ങളിൽ ബാർസയുടെ മൂന്നാം തോൽവിയാണ്. മാത്രമല്ല, ഒരു ഗോൾ പോലും നേടാതെ തുടർച്ചയായി മൂന്ന് എവേ മത്സരങ്ങളും ബാർസ തോറ്റു.
ഈ സീസണിലെ 10 ലാ ലിഗ മത്സരങ്ങളിൽ മൂന്നെണ്ണത്തിലാണ് ബാഴ്സ തോറ്റത്.മൂന്നെണ്ണത്തിൽ സമനില വഴങ്ങി. ചാമ്പ്യൻസ് ലീഗിൽ രണ്ട് തോൽവികൾ.
1987ൽ ഇംഗ്ലിഷ് പരിശീലകൻ ടെറി വെനേബിൾസിന്റെ പുറത്താക്കലിലേക്കു നയിച്ച തുടർ തോൽവികൾക്കുശേഷം ഇത്തരമൊരു തോൽവി ബാഴ്സയ്ക്ക് ആദ്യമാണ്. ഒരു രക്ഷയുമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പരിശീലകനെ പുറത്താക്കുകയെന്ന കടുത്ത തീരുമാനം ബാഴ്സ മാനേജ്മെന്റ് കൈക്കൊണ്ടത്.